'സ്ത്രീകളെ സൂക്ഷിക്കുന്നത് സ്വര്‍ണം സൂക്ഷിക്കുംപോലെ, അന്യപുരുഷന്‍മാരും സ്ത്രീകളും ഒന്നിച്ച്കൂടാന്‍ പാടില്ല'

Tuesday 21 January 2025 10:41 PM IST

കോഴിക്കോട്: സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. തന്റെ വാക്കുകളെ ഏതോ ഒരു വ്യായാമത്തിന്റെ പേരിലാക്കി മാത്രം വ്യഖ്യാനിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്യപുരുഷന്‍മാരും സ്ത്രീകളും ഒന്നിച്ച് കൂടാന്‍ പാടില്ലെന്നത് ഇസ്ലാമിലെ നിയമമാണെന്നും മതത്തിന്റെ വിധി തങ്ങള്‍ പറയുന്നത് മുസ്ലീങ്ങളോടാണെന്നും അതില്‍ ഇടപെടാന്‍ വരണോയെന്നും അദ്ദേഹം ചോദിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാടിന് മറുപടിയായിട്ടാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

സ്ത്രീകളെ സൂക്ഷിക്കുന്നത് സ്വര്‍ണം സൂക്ഷിക്കുന്നത് പോലെയാണ്. ഞങ്ങള്‍ പറയുന്നതിന് നേരെ ഇങ്ങനെ കുതിര കയറാന്‍ വരണോയെന്നും കാന്തപുരം ചോദിച്ചു. സിപിഎമ്മിന് കണ്ണൂരില്‍ എത്ര വനിതാ ഏര്യാ സെക്രട്ടറിമാരുണ്ടെന്നും അദ്ദേഹം ചോദിച്ചു. അവിടെ എന്തുകൊണ്ടാണ് വനിതകളെ പരിഗണിക്കാത്തതെന്നും കാന്തപുരം സിപിഎം നേതൃത്വത്തോട് ചോദിച്ചു.

ജനപ്രീതി ആര്‍ജിച്ചുവരുന്ന മെക് സെവന്‍ വ്യായാമത്തെ അടുത്തിടെ അബൂബക്കര്‍ മുസ്ലിയാര്‍ വിമര്‍ശിച്ചിരുന്നു. സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നുളള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കുമെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അബൂബക്കര്‍ മുസ്ലിയാരിന്റെ ഈ നിലപാടിനെയാണ് ഗോവിന്ദന്‍ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

'പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണ്. അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരും.'- ഗോവിന്ദന്‍ പ്രതികരിച്ചു. ഇന്നലെ കുറ്റ്യാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് അബൂബക്കര്‍ മുസ്ലിയാര്‍ തന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ചത്. വിശ്വാസ സംരക്ഷണമാണ് പ്രധാനം എന്നതില്‍ ഉറച്ചുനിന്നുകൊണ്ടാണ് അബൂബക്കര്‍ മുസ്ലിയാര്‍ തന്റെ നിലപാടിനെ ന്യായീകരിച്ചത്. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കും. യഥാസ്ഥിതികരെന്ന് വിമര്‍ശിച്ചാലും പ്രശ്‌നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം കിഴിശ്ശേരിയില്‍ നടന്ന പരിപാടിയിലും മെക് സെവന്‍ കൂട്ടായ്മകള്‍ക്കെതിരെ അബൂബക്കര്‍ മുസ്ലിയാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വ്യായാമം എന്ന പേരില്‍ എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും മെക് സെവന്‍ സദസൊരുക്കുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നാണ് അവര്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.