എൽ.എൻ.ജി ഇഷ്ടംപോലെ, ആവശ്യക്കാർ കുറവ്

Wednesday 22 January 2025 12:12 AM IST

കൊച്ചി: ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) പൈപ്പ് ലൈൻ വഴി കർണാടകത്തിലും തമിഴ്നാട്ടിലും എത്തിച്ചെങ്കിലും ഉപഭോഗം പ്രതീക്ഷിച്ചതുപോലെ ഉയർന്നില്ല. കൊച്ചിയിലെ എൽ.എൻ.ജി ടെർമിനലിന്റെ ശേഷിയുടെ 20.8 ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. ഒരുവർഷത്തിനിടെ ഗുജറാത്തിലെ ദഹേജ് ടെർമിനൽ 17.7 ശതമാനം വളർച്ച നേടിയപ്പോൾ കൊച്ചിക്ക് 2.2 ശതമാനം മാത്രമാണ് വളർച്ച.

പരിസ്ഥിതിസൗഹൃദവും ചെലവ് കുറഞ്ഞതുമായ ഹരിത ഇന്ധനമാണ് എൽ.എൻ.ജി. ദ്രവരൂപത്തിൽ ഇറക്കുമതി ചെയ്യുന്ന എൽ.എൻ.ജി പുതുവൈപ്പിനിലെ ടെർമിനലിൽ വാതകരൂപത്തിലാക്കിയാണ് വിതരണം ചെയ്യുന്നത്. ടെർമിനലിൽനിന്നുള്ള പ്രധാന പൈപ്പ് ലൈൻവഴി മംഗളൂരുവിൽ 2021 ജൂൺ മുതൽ എൽ.എൻ.ജി നൽകുന്നുണ്ട്. പാലക്കാട് കൂറ്റനാട്ടുനിന്ന് ഉപലൈൻവഴി കോയമ്പത്തൂരിലും ഗ്യാസ് നൽകുന്നുണ്ട്. ട്രക്കുകളിൽ നിറച്ചും വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നുണ്ട്.

പരമാവധി പ്രയോജനപ്പെടുത്തിയാലേ ടെർമിനൽ സ്ഥാപിച്ച എൽ.എൻ.ജി പെട്രോനെറ്റ് ലിമിറ്റഡിനും പൈപ്പിട്ട ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡിനും (ഗെയിൽ) നേട്ടവും സംസ്ഥാനത്തിന് കൂടുതൽ നികുതിവരുമാനവും ലഭിക്കൂ.

സിറ്റി ഗ്യാസ് മെല്ലെ

ബി.പി.സി.എൽ ഉൾപ്പെടെ 15 കമ്പനികളാണ് കേരളത്തിലെ പ്രധാന ഉപഭോക്താക്കൾ. മംഗലാപുരം റിഫൈനറിയും പ്രയോജനപ്പെടുത്തുന്നുണ്ട്. പൈപ്പിലൂടെ വീടുകളിൽ പാചകവാതകം എത്തിക്കുന്ന സിറ്റിഗ്യാസും എൽ.എൻ.ജി ഉപയോഗിച്ചാണ്. 10 ജില്ലകളിൽ സിറ്റിഗ്യാസ് ആരംഭിച്ചെങ്കിലും കണക്ഷനുകൾ കുറവാണെന്ന് ഗെയിൽ വൃത്തങ്ങൾ പറഞ്ഞു.

5 ദശലക്ഷം ടൺ (എം.എം.ടി):

പ്രതിവർഷം കൊച്ചി

ടെർമിനലിന്റെ ശേഷി.

1.04 എം.എം.ടി:

2023 -24ൽ

വിനിയോഗിച്ചത്.

17.5 എം.എം.ടി:

ഗുജറാത്തിലെ ദഹേജ്

ടെർമിനലിന്റെ ശേഷി

16.71 എം.എം.ടി:

2023 -24ൽ ദഹേജ്

വിനിയോഗിച്ചത്

3000 കോടി രൂപ:

കൊച്ചി ടെർമിനലിന്

ചെലവഴിച്ചത്

5000 കോടി:

പൈപ്പ് ലൈനുകൾ

സ്ഥാപിക്കാൻ

ചെലവഴിച്ചത്

`കൂടുതൽ വൻകിട കമ്പനികൾ എൽ.എൻ.ജി സ്വീകരിക്കുകയും സിറ്റിഗ്യാസ് വ്യാപകമാകുകയും ചെയ്യുന്നതോടെ ഉപഭോഗം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.'

-ഗെയിൽ അധികൃതർ

കൊച്ചി ടെർമിനൽ പ്രവർത്തനം

(വർഷം....വന്ന കപ്പൽ...വിതരണം...വിനിയോഗം..കൊണ്ടുപോയ ട്രക്കുകൾ എന്ന ക്രമത്തിൽ)

2023-24........17..............1.04 ടി.എം.ടി......20.8%.......2230

2022-23........14.............. 0.93......................18.6%.......1494

2021-22........15...............1.04.......................20.7%......471

2020-21....... 14................0.90.....................18.1%....... 376

2019-20.........12..............0.82........................16.4%......290