'കവചം' ദുരന്ത സാദ്ധ്യതാ മുന്നറിയിപ്പ് സംവിധാനം രാജ്യത്ത് ആദ്യം: മുഖ്യമന്ത്രി

Wednesday 22 January 2025 3:08 AM IST

തിരുവനന്തപുരം: പൊതുജനങ്ങൾക്കും രക്ഷാസേനകൾക്കും മുന്നറിയിപ്പ് നൽകാനുള്ള അത്യാധുനിക ദുരന്തസാദ്ധ്യതാ മുന്നറിയിപ്പ് സംവിധാനമായ 'കവചം ' രാജ്യത്ത് ആദ്യത്തേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ 'കവച'ത്തിന്റെ (കേരള വാണിംഗ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്മെന്റ് സിസ്റ്റം) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വ്യാഴവട്ടക്കാലത്തിനിടയിൽ 10 പ്രകൃതി ദുരന്തങ്ങൾക്കാണ് കേരളം സാക്ഷിയായത്. പ്രകൃതിക്കുമേലുള്ള ആഘാതം കുറയ്‌ക്കണം. ദുരന്ത മുന്നറിയിപ്പുകളെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്‌കരണവും പരിശീലനവും ആവശ്യമാണ്. ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് സൈറൺ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. മന്ത്രി പി.പ്രസാദ്, ശശിതരൂർ എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

അതിതീവ്ര ദുരന്ത സാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ ബന്ധപ്പെട്ട കേന്ദ്ര വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്‌ക്ക്‌ സന്ദേശങ്ങളിലൂടെയും സൈറണിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് 'കവചം' പദ്ധതിയുടെ ലക്ഷ്യം. 126 സൈറൺ -സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ഡാറ്റാ സെന്റർ എന്നിവ അടങ്ങുന്നതാണ് 'കവചം' .