വയനാട് ഉരുൾദുരന്തം: കാണാതായ 32പേരുടെ ലിസ്റ്റിന് അംഗീകാരം

Wednesday 22 January 2025 3:10 AM IST

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ കാണാതായ 32 പേരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു.

സർക്കാർ ഉത്തരവ് പ്രകാരം വെള്ളരിമല വില്ലേജ് ഓഫീസർ, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർ ചേർന്ന് തയ്യാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യൂ - ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 32 പേരെ ദുരന്തത്തിൽ മരിച്ചവരായി കണക്കാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും. ദുരന്തത്തിന് ഇരയായവർക്ക് സർക്കാർ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങൾക്കും ഇതോടെ ഇവരുടെ ആശ്രിതർ അർഹരാവും.