ഇന്നു മുതൽ കുട്ടിക്കളി കമോൺട്രാ സഞ്ജു!
ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ട്വന്റി-20 ഇന്ന്
കൊൽക്കത്ത: ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റിനുള്ള ടീം തിരഞ്ഞെടുപ്പിലെ വിവാദങ്ങൾ അലയടിച്ചുയരുന്ന വേളയിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രാത്രി 7 മുതലാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബോർഡർ ഗാവസ്ക ട്രോഫി ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് ശേഷമാണ് ഇന്ത്യ ട്വന്റി-20ക്ക് ഇറങ്ങുന്നത്. ഇനി അടുത്തെങ്ങും ഇന്ത്യയ്ക്ക് ട്വന്റി-20 മത്സരമില്ല. ഐ.പി.എല്ലിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിലും തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിലുമാണ് ഇന്ത്യ കളിക്കുക. ചാമ്പ്യൻസ് ട്രോഫി ഏകദിന ഫോർമാറ്റിലാണ്.
സഞ്ജുവും ഷമിയും
ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഒഴിവാക്കപ്പെട്ടതിലെ വാദപ്രതിവാദങ്ങൾ സജീവമയിരിക്കുന്ന സമയത്ത് താരത്തിന് തന്റെ പ്രതിഭയുടെ മാറ്റ് തെളിയിക്കാനുള്ള അവസരം കൂടിയാണീ പരമ്പര.
കോച്ച് ഗൗതം ഗീഭിറും ക്യാപ്‌ടൻ സൂര്യകുമാർ യാദവും നൽകുന്ന പിന്തുണ സഞ്ജുവിന് ട്വന്റി-20 ഫോർമാറ്റിൽ വലിയ ആത്‌മവിശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറിയും ഓപ്പണറായി ഇറങ്ങിയ സഞ്ജു നേടിയതിന് പിന്നിലും ഈ പിന്തുണ വലിയ ഘടകം തന്നെയാണ്.ഇന്നും സഞ്ജു ഓപ്പണറായി എത്തുമെന്നാണ് വിവരം. ചാമ്പ്യൻസ് ട്രോഫിയിൽ ഗംഭർ സഞ്ജുവിനായി വാദിച്ചപ്പോൾ ക്യാപ്ടൻ രോഹിത് അത് വെട്ടി റിഷഭ് പന്തിനെ ടീമിലുറപ്പിച്ചുവെന്ന റിപ്പോർട്ടുകൾ വലിയ പ്രാധാന്യം നേടിയിരുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷനും ആരോപണങ്ങൾ ഉയർത്തുന്ന സാഹചര്യത്തിൽ സമ്മർദ്ദങ്ങൾ മറികടന്ന് ഇതിനെല്ലാം ഗ്രൗണ്ടിൽ മറുപടി നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തിളങ്ങാനായാൽ ചാമ്പ്യൻസ് ട്രോഫി ടീമിൽ പരിക്കുൾപ്പെടെ എന്തെങ്കിലും കാരണം കൊണ്ട് മാറ്റം വരുത്തേണ്ടി വന്നാൽ സഞ്ജുവിനായിരിക്കും പ്രഥമ പരിഗണന.
2023ലെ ഏകദിന ലോകകപ്പിന് ശേഷം പരിക്കിനെത്തുടർന്ന് പുറത്തിരിക്കേണ്ടി വന്ന മുഹമ്മദ് ഷമിക്കും ഈ പരമ്പര പ്രധാനമാണ്. നെറ്റ്‌സിൽ ഏറെ നേരം പന്തെറിഞ്ഞ ഷമിയ്ക്ക് ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് യഥാർത്ഥ മികവിലേക്കുയരാനുള്ള വേദികൂടിയാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയും ഏകദിന പരമ്പരയും. രഞ്ജിയിൽ ബംഗാളിന്റെ താരമായ ഷമിക്ക് തിരിച്ചുവരവ് ഹോം ഗ്രൗണ്ടിലാണെന്ന ആനുകൂല്യവുമുണ്ട്.
മികവ് തുടരാൻ ഇന്ത്യ
ട്വന്റി-20യിലെ ലോക ചാമ്പ്യൻമാരായ ഇന്ത്യ ഇതിന് മുമ്പ് നടന്ന ട്വന്റി-20 പരമ്പരയിൽ കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 3-1ന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്. സൂര്യയുടേയും സഞ്ജുവിന്റെയും തിലകിന്റെയും പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.
സാധ്യതാ ടീം : സഞ്ജു,അഭിഷേക്,തിലക്, സൂര്യ,റിങ്കു, ഹാർദിക്,അക്ഷർ,വരുൺ,ഷമി,അർഷ്‌ദീപ്,ഹർഷിത്.
ഇടിവെട്ടാകാൻ ഇംഗ്ലണ്ട്
നേരത്തേ തന്നെ ഇന്നിറങ്ങുന്ന ഇലവനെ പ്രഖ്യാപിച്ച ജോസ് ബട്ട്‌ലറിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട്
വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. വെസ്റ്റിൻഡീസിനെതിരായ പരമ്പര ജയിച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.ബട്ട്‌ലർക്കൊപ്പം വിസ്‌മയ യുവതാരം ജേക്കബ് ബെഥേൽ,ഫിൽസാൾട്ട്, ലിംവിംഗ്സ്റ്റൺ തുടങ്ങിയവെടിക്കെട്ടുകാർ അണിനിരക്കുന്ന ബാറ്റിംഗ് നിരയും ജോഫ്രാ ആർച്ചറും മാർക്ക് വുഡും നയിക്കുന്ന ബൗളിംഗ് യൂണിറ്റും കരുത്തുറ്റതാണ്.
ടീം: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്,ബട്ട്‌ലർ,ബ്രൂക്ക്,ലിവിംഗ്‌സ്റ്റൺ,ബെഥേൽ,ഓവർട്ടൺ,അറ്റ്‌കിൻസൺ,ആർച്ചർ,റാഷിദ്,വുഡ്
മുൻതൂക്കം ഇന്ത്യയ്ക്ക്
അവസാനം മുഖാമുഖം വന്ന 5 ട്വന്റി-20യിൽ മൂന്നിലും ഇന്ത്യയ്‌ക്കായിരുന്നു ജയം. ഏറ്റവും അവസാനം ഏറ്റുമുട്ടിയത് ജൂൺ 27ന് ലോകകപ്പ് സെമിയിലായിരുന്നു. അന്ന് ഇന്ത്യ 68 റൺസിന് ജയിച്ചു.
ലൈവ്- സ്റ്റാർ സ്പോർട്‌സിലും ഹോട്ട്‌സറ്റാറിലും