പി.പി. ദിവ്യ ബിനാമി ഇടപാട് നടത്തിയെന്ന് കെ.എസ്.യു, രേഖകൾ പുറത്തുവിട്ടു

Thursday 23 January 2025 12:57 AM IST

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജിവച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ അധികാരത്തിലിരിക്കെ ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ജില്ലാ പഞ്ചായത്തിന്റെ കോടിക്കണക്കിനു രൂപയുടെ കരാറുകൾ നൽകിയത് കാർട്ടൻ ഇന്ത്യ അലയൻസ് എന്ന ബിനാമി കമ്പനിക്കാണെന്നും ആരോപിച്ചു. ഇതിന്റെയടക്കം രേഖകളും പുറത്തുവിട്ടു.

ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം 2021 ജൂലായ് 20നാണ് കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് എം.ഡി. ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് വി.പി.അജിത്തിന്റെയും പേരിൽ കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങി. രണ്ടു വർഷത്തിനിടെ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 11 കോടിയോളം രൂപ പ്രീ ഫാബ്രിക്കേറ്റ് ടോയ്ലറ്റ് നിർമ്മാണങ്ങൾക്കു മാത്രമായി കാർട്ടൻ കമ്പനിക്ക് നൽകി.

പടിയൂർ എ.ബി.സി കേന്ദ്രത്തിന്റെ 76 ലക്ഷത്തിന്റെ നിർമ്മാണ കരാറും നൽകി. ഒരു കരാർപോലും മറ്റൊരു കമ്പനിക്കും ലഭിച്ചില്ല. ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ഷാജിറിനും ബിനാമി ഇടപാടുകളിൽ പങ്കുണ്ടെന്നും ആരോപിച്ചു.

നിയമ നടപടി

സ്വീകരിക്കും: ദിവ്യ

ആരോപണങ്ങൾ വ്യാജമാണെന്നും മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.പി.ദിവ്യ. കഴിഞ്ഞ മൂന്നു മാസമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, നേതാക്കന്മാർ തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണമാണിത്. ആരോപണങ്ങൾ തെളിയിക്കാനും വെല്ലുവിളിച്ചു.