അധിക്ഷേപം: പരാതിയുമായി ജീവനക്കാരി

Thursday 23 January 2025 1:30 AM IST

ശ്രീകണ്ഠാപുരം: ഇന്നലെ നടന്ന പണിമുടക്കിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ജോയിന്റ് കൗൺസിൽ നേതാവിന്റെ തെറിവിളിക്കും ഭീഷണിപ്പെടുത്തലിനും ഇരയായ ചെമ്പൻതൊട്ടി മൃഗാശുപത്രി ജീവനക്കാരൻ കെ.ഷാജഹാനെതിരെ ഇതേ ആശുപത്രിയിലെ ജീവനക്കാരി ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.തനിക്കെതിരെ അധിക്ഷേപ വർഷവും കൈയേറ്റശ്രമവും നടത്തിയെന്നാണ് പരാതിയിലുള്ളത്.

ചൊവ്വാഴ്ച വൈകീട്ട് തളിപ്പറമ്പ് നെടിയേങ്ങ ഹെൽത്ത് സെന്റർ പരിസരത്ത് വച്ച് കണ്ടപ്പോൾ തന്നോട് അശ്ലീല ചുവയുള്ള ഭാഷയിൽ സംസാരിച്ചുവെന്നും നാട്ടിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിക്കാൻ കൈയുയർത്തിയെന്നുമാണ് പരാതി. മുമ്പും ഷാജഹാനിൽ നിന്ന് ഫോണിൽ കൂടി അനാവശ്യ സംഭാഷണങ്ങൾ ഉണ്ടായിരുന്നു. ഇത് തന്റെ മേലധികാരികളെ അറിയിച്ചിട്ടുണ്ട്.. മാനഹാനിയും കടുത്ത മാനസിക പ്രയാസവും ഉണ്ടാക്കിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.