ഒരു വർഷം മുമ്പ് ഏക മകൻ മരിച്ചു, സഹിക്കാനാകുന്നില്ല; നോവായി ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്

Thursday 23 January 2025 3:10 PM IST

തിരുവനന്തപുരം: നെയ്യാറിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുട്ടട സ്വദേശികളായ സ്‌നേഹദേവ് ഭാര്യ ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

നെയ്യാറിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ശ്രീലതയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്ത് നിന്ന് സ്നേഹദേവിന്റെ മൃതദേഹവും കണ്ടെത്തിയതെന്നാണ് വിവരം. കൈകൾ പരസ്പരം കെട്ടിയിട്ടുണ്ട്. കരയിൽ നിന്ന് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും ചെരിപ്പുകളും ജ്യൂസ് ബോട്ടിലുകളും കണ്ടെത്തി.

ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച്, രാവിലെ എട്ടരയോടെ കാറിലാണ് ദമ്പതികൾ നെയ്യാറിലെത്തിയത്. തുടർന്ന്‌ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഇവരുടെ ഏകമകൻ ശ്രീദേവ് നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ശ്രീദേവ് മരിച്ചത്. ഒരു വർഷം തികയാനിരിക്കെയാണ് ദമ്പതികൾ ജീവനൊടുക്കിയത്.

ലോ അക്കാദമിയിൽ അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ശ്രീദേവ് അപകടത്തിലാണ് മരിച്ചത്. മകന്റെ മരണം മൂലമുള്ള ആഘാതമാകാം ദമ്പതികൾ ആത്മഹത്യ ചെയ്‌തതെന്നാണ് സൂചന.

മകൻ മരിച്ച ശേഷം ജീവിതം ദുരിത പൂർണമാണെന്നും സഹിക്കാനാകുന്നില്ലെന്നുമാണ് ജീവിക്കാനാകുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സ്നേഹദേവിന്റെ മൃതദേഹത്തിൽ നിന്ന് മകന്റെ സ്കൂൾ ബെൽറ്റും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡ‌ിക്കൽ കോളേജിലേക്ക് മാറ്റി.