സപ്ളൈകോ തേയില അഴിമതി: 7.94 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

Friday 24 January 2025 4:15 AM IST

കൊച്ചി: സപ്ളൈകോ തേയില ഇടപാട് അഴിമതിക്കേസിൽ സപ്ളൈകോ ഉദ്യോഗസ്ഥരുടെയും തേയിലക്കമ്പനിയുടെയും 7.94 കോടിയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ ഇ.ഡി ഇന്നലെ കണ്ടുകെട്ടി. എറണാകുളം, ഇടുക്കി ജില്ലകളിലാണ് സ്വത്തുക്കൾ.

അഴിമതി നിരോധന നിയമപ്രകാരം തിരുവനന്തപുരം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് ഇ.ഡി. ഇടപെടൽ. സപ്ളൈകോയിലെ തേയില ഡിവിഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഷെൽജി ജോർജ്, അശോക് ഭണ്ഡാരി എന്നിവരുടെയും ഇടുക്കി ഹെയ്‌ലിബറിയ ടീ എസ്റ്റേറ്റ്സ് കമ്പനിയുടെയും സ്വത്തുക്കളാണ് താത്കാലികമായി കണ്ടുകെട്ടിയത്. ഇ-ലേലത്തിൽ ക്രമക്കേട് നടത്തിയായിരുന്നു തട്ടിപ്പ്. ടീ ബോർഡിന്റെ ലേലത്തിൽ ഡമ്മി കമ്പനികളുടെ ഉയർന്ന നിരക്കിലുള്ള ടെൻഡറുകൾ സമർപ്പിച്ച് ഷെൽജിയും ഹെയ്‌ലിബറിയ ടീ എസ്റ്റേറ്റ്സ് കമ്പനിയും ഒത്തുകളിച്ചെന്ന് ഇ.ഡിയുടെ പത്രക്കുറിപ്പിൽ പറയുന്നു. വിപണി വിലയെക്കാൾ കൂടുതൽ നിരക്കിൽ ഇടപാട് നടത്താൻ ഷെൽജി തീരുമാനമെടുത്തു. ഇതുവഴി സപ്ളൈകോയ്ക്ക് 8.91 കോടിയുടെ നഷ്ടമുണ്ടായി. .