അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആനയെ മയക്കുവെടിവച്ചു; ചികിത്സ തുടങ്ങി
Friday 24 January 2025 10:45 AM IST
തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആനയെ മയക്കുവെടിവച്ചു. നാല് തവണ വെടിവച്ചിരുന്നു. അതിലൊരെണ്ണം ആനയുടെ പിൻകാലിൽ കൊണ്ടു.ആനയ്ക്ക് ചികിത്സ തുടങ്ങിയതായി വെറ്ററിനറി സർജൻ ഡോ. ബി ബി ഗിരിദാസ് പറഞ്ഞു.
'ആ മുറിവ് എത്രത്തോളം ആനയുടെ ജീവന് ഭീഷണിയാകുമെന്നായിരുന്നു സംശയം. മുറിവ് ആഴത്തിലല്ല എന്ന് അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ദൗത്യം പൂർണമായും വിജയിച്ചിട്ടുണ്ട്. മുറിവിൽ മരക്കമ്പോ ലോഹഭാഗങ്ങളോ ഇല്ല.'- അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു ആനയുമായി കൊമ്പുകോർത്തപ്പോഴാണ് ആനയ്ക്ക് മുറിവേറ്റതെന്നാണ് കരുതുന്നത്. ഈ മാസം പതിനഞ്ച് മുതൽ ആന ഈ പ്രദേശത്തുണ്ടായിരുന്നു. പരിക്കേറ്റ ആനയെ പതിവായി കണ്ടതോടെയാണ് വനംവകുപ്പ് ചികിത്സിക്കാൻ തീരുമാനിച്ചത്.