അങ്കണവാടി മാറ്റാനുള്ള നീക്കത്തിൽ അഴിമതി: തൃപ്പൂണിത്തുറ നഗരസഭയിൽ പ്രതിപക്ഷ ബഹളം

Saturday 25 January 2025 12:10 AM IST

തൃപ്പൂണിത്തുറ: ഇരുമ്പനം 5-ാം വാർഡിലെ 83-ാം നമ്പർ അങ്കണവാടി മാറ്റി സ്ഥാപിക്കുന്നതിന് നഗരസഭ കൗൺസിലിൽ വന്ന അജണ്ട ചർച്ച ചെയ്യവെ പ്രതിപക്ഷ അംഗങ്ങൾ വിയോജന കുറിപ്പ് നൽകിയത് കൗൺസിലിൽ ബഹളത്തിലേക്ക് നയിച്ചു. റിജിഡ്സ് പ്രൈവറ്റ് കമ്പനി തിരുവാങ്കുളം വില്ലേജിൽ വാങ്ങിയിട്ടുള്ള 6 ഏക്കർ ഭൂമിക്ക് മദ്ധ്യത്തിലുള്ള നഗരസഭയുടെ അങ്കണവാടി തടസമായി നിൽക്കുന്നതിനാൽ അത് മാറ്റി സ്ഥാപിക്കാൻ ഭരണപക്ഷം സ്വകാര്യകമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് പ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും ആരോപിച്ചു.

മുനിസിപ്പൽ ആസ്തി ആർജിക്കലും കൈയ്യൊഴിക്കലും ചട്ടം 12 പ്രകാരം അങ്കണവാടി കെട്ടിടം കൈമാറ്റം ചെയ്യാനോ വിറ്റൊഴിക്കുവാനോ പാടില്ലാത്തതാണെന്നും അങ്കണവാടിയുടെ സ്ഥലവും കെട്ടിടവും ഒഴിഞ്ഞു പോകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ബി.ജെ.പി കൗൺസിലർമാർ പറഞ്ഞു. യു.ഡി.എഫ് അംഗങ്ങളായ കെ.വി. സാജു, പി.ബി. സതീശൻ, ഡി. അർജുനൻ, എൽസി കുര്യാക്കോസ് എന്നിവരും സംസാരിച്ചു.