ഉപഗ്രഹങ്ങളെ വേർപെടുത്താനൊരുങ്ങി ഐ.എസ്.ആർ.ഒ

Sunday 26 January 2025 12:00 AM IST

തിരുവനന്തപുരം: ബഹിരാകാശത്ത് ഭൂമിയെ ചുറ്റിക്കൊണ്ടിരുന്ന രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ച് ചരിത്രം കുറിച്ച ഐ.എസ്.ആർ.ഒ അവയെ വേർപെടുത്തി സാങ്കേതികവൈദഗ്ദ്ധ്യം ഉറപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്നതാണ് സ്‌പെഡെക്സ് ദൗത്യം. കൂട്ടിയോജിപ്പിച്ചതാണ് (ഡോക്കിംഗ്)ഇതിന്റെ ആദ്യഭാഗം. വീണ്ടും വേർപെടുത്തുന്നതാണ് (അൺഡോക്കിംഗ് )ദൗത്യത്തിൽ ഇനി അവശേഷിക്കുന്നത്. ഈ ആഴ്ച ഇത് നിർവഹിക്കും.

ഡിസംബർ 30നാണ് സ്പെഡെക്സ് ദൗത്യത്തിനായി ചേസർ,ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. ജനുവരി 16നാണ് ഇവയെ കൂട്ടിയോജിപ്പിച്ച് ഒരു ഉപഗ്രഹമാക്കിയത്. നിലവിൽ ഒരു ഉപഗ്രഹമായി ഭൂമിയെ ചുറ്റികൊണ്ടിരിക്കുകയാണ്.യുഎസ്,റഷ്യ,ചൈന എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.

വേഗത്തിൽ ചലിക്കുന്ന രണ്ട് ഉപഗ്രഹങ്ങളെയോ ബഹിരാകാശ പേടകങ്ങളെയോ ഒരുമിപ്പിച്ച് ഭ്രമണപഥത്തിൽ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിംഗ്. ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയാത്ത വലിയ പേലോഡുകൾ ഉപയോഗിക്കേണ്ടിവരുന്ന ദൗത്യങ്ങളിൽ ഇത് പ്രധാനമാണ്.

ബഹിരാകാശനിലയ ക്രൂ എക്സ്‌ചേഞ്ച്,അറ്റകുറ്റപ്പണി,ഇന്ധനം നിറയ്ക്കൽ തുടങ്ങിയ നിർണായക ജോലികൾക്ക് ഈ സാങ്കേതികവിദ്യകൾ വേണം. അതുപോലെ ഗ്രഹാന്തര പര്യവേക്ഷണം,ആകാശഗോളങ്ങളിൽനിന്നുള്ള സാമ്പിൾ ശേഖരണം ഉൾപ്പെടെയുള്ളയ്കക്കും ഇത് അനിവാര്യമാണ്. രണ്ടുവർഷമാണ് ഉപഗ്രഹങ്ങളുടെ കാലാവധി.