റോഡപകടം കൂടി, മരണം കുറഞ്ഞു

Sunday 26 January 2025 12:59 AM IST

തിരുവനന്തപുരം: കഴിഞ്ഞവർഷം സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടിയെങ്കിലും മരണം കാര്യമായി കുറഞ്ഞു. 2023ൽ 4,080 ജീവനുകളാണ് നഷ്ടമായത്. കഴിഞ്ഞവർഷം 3,765 ആയി കുറഞ്ഞു. 2023ൽ 48,091 അപകടങ്ങളുണ്ടായി. 2024ൽ അത് 48,878 ആയി ഉയർന്നു. ഗതാഗത നിയന്ത്രണമുണ്ടായിരുന്ന കൊവിഡ് ലോക്ഡൗൺ കാലയളവ് ഒഴിച്ചുനിറുത്തിയാൽ കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. സംസ്ഥാനത്ത് വർഷം ശരാശരി 4,247 ജീവനുകൾ വാഹനാപകടങ്ങളിൽ പൊലിയുന്നുണ്ട്.

2024ന്റെ അദ്യപകുതിയിൽ അപകടമരണനിരക്ക് പതിവുപോലെ ഉയർന്നിരുന്നു. ആദ്യ ആറുമാസം ശരാശരി 336 ജീവനുകൾ നഷ്ടമായി. ജൂലായ് മുതൽ ഡിസംബർ വരെ ശരാശരിമരണം 291 ആയി. സെപ്തംബറിൽ ഒഴികെ മരണം 300ന് മേൽ കടന്നില്ല. കൂടുതൽ ജീവനുകൾ നഷ്ടമായത് ഏപ്രിലിൽ -393. ജനുവരിയിൽ- 354, സെപ്തംബറിൽ- 345.

ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാബേസിൽ നിന്നും സംസ്ഥാന ക്രൈംറെക്കാഡ് ബ്യൂറോ ശേഖരിച്ച കണക്കുകളാണിത്. ജനുവരി അവസാനത്തോടെ മാത്രമേ അന്തിമ റിപ്പോർട്ടാകൂ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ മരിക്കുന്നതും, പൊലീസ് സ്‌റ്റേഷനിൽ മരണം അറിയിക്കാൻ വൈകുന്നതും കാരണം ജനുവരി അവസാനത്തോടെയാണ് അന്തിമകണക്ക് പ്രസിദ്ധീകരിക്കുക.

സുരക്ഷയുടെ ഫലം 1.മരണസംഖ്യ കുറഞ്ഞത് എ.ഐ ക്യാമറ ഉൾപ്പെടെയുള്ള റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ ഫലം കാണുന്നതിന്റെ സൂചനയാണെന്ന് നിഗമനം

2.ഇരുചക്രവാഹന യാത്രക്കാരിൽ ഹെൽമെറ്റ് ഉപയോഗം വ്യാപകമായതും കാർ യാത്രികർ സീറ്റ് ബെൽറ്റ് ധരിക്കുന്ന പ്രവണത വർദ്ധിച്ചതും മരണനിരക്ക് കുറച്ചു

ഡിസംബറിന്റെ നഷ്ടം

കൊവിഡ് ലോക്ഡൗണിനു മുമ്പുള്ള വിവരങ്ങൾ പരിശോധിച്ചാൽ വാഹനാപകടങ്ങൾ കൂടുതൽ ജീവനുകൾ കവരുന്നത് ഡിസംബറിലും ജനുവരിയിലുമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2024 ഡിസംബറിൽ മരണനിരക്ക് കുറഞ്ഞു- 309.

2023 - 392

2022- 405

2021- 369