ദേശീയപാത വികസനം റോഡി​ലാകെ 'പൊടി'പൂരം, വലഞ്ഞ് യാത്രക്കാർ (ലീഡ്)

Sunday 26 January 2025 12:27 AM IST
നിർമ്മാണം നടക്കുന്ന ബൈപ്പാസിൽ ആൽത്തറമൂടിന് സമീപത്തെ റോഡിലെ പൊടിപടലങ്ങൾ

സമീപ വാസികളും വ്യാപാരികളും പൊറുതിമുട്ടി

കൊല്ലം: ദേശീയപാത നിർമ്മാണത്തി​ന്റെ ഭാഗമായുള്ള രൂക്ഷമായ പൊടിശല്യം മൂലം വലയുകയാണ് യാത്രി​കരും സമീപവാസി​കളും വ്യാപാരി​കളും.

ഇരുചക്ര വാഹനക്കാർക്കാണ് പൊടി​ ശല്യം കൂടുതൽ അപകട ഭീഷണിയുണ്ടാക്കുന്നത്. കോട മഞ്ഞുപോലെ റോഡി​ൽ പൊടി​ നി​റഞ്ഞു നി​ൽക്കും. ലോറികളും ബസുകളുമുൾപ്പെടുന്ന വണ്ടികൾ വലിയ തോതിലാണ് പൊടി പടർത്തുന്നത്. ഇവയുടെ പി​ന്നാലെ ഇരുചക്ര വാഹനങ്ങളി​ൽ പോകാനാവാത്ത അവസ്ഥ. ഓച്ചിറ പള്ളിമുക്ക്, വവ്വാക്കാവ്, കരുനാഗപ്പള്ളി, ടൈറ്റാനിയം ജംഗ്ഷൻ, ശങ്കരമംഗലം, കൊറ്റംകുളങ്ങര, പരിമണം, ശക്തികുളങ്ങര, ആൽത്തറമൂട് പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം തുടങ്ങി മിക്കയിടത്തും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊടിശല്ല്യം അസഹനീയമാണ്. മഴ ഒഴിഞ്ഞതാണ് ശല്യമായത്.

സ്ഥിരമായി പൊടി ശ്വസിച്ച് കൊച്ചുകുട്ടികൾക്കുൾപ്പെടെ ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്റ്റോപ്പുകളിലും മറ്റും ബസുകൾ നിറുത്തുമ്പോൾ യാത്രക്കാർക്ക് ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് യാത്രികർക്ക്. ദേശീയപാതയോരത്തെ വീടുകളും സ്ഥാപനങ്ങളും മുഴുവൻ പൊടി നിറഞ്ഞു. നിർമ്മാണം നടക്കുന്നതിനാൽ ചിലയി​ടങ്ങളി​ൽ സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. ഇതും സമീപത്തെ വീടുകളി​ൽ പൊടിശല്ല്യം രൂക്ഷമാക്കുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ പോലും റോഡിൽ നിന്നുയരുന്ന പൊടിയോടൊപ്പം കഴിക്കേണ്ട അവസ്ഥയാണുള്ളത്.

തട്ടുകടകളിലെ ഭക്ഷണങ്ങളും ഇക്കാരണത്താൽ മലി​നമാകുന്നു. മറ്റ് വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് ഡിസ്‌പ്ലേ വയ്ക്കുന്ന സാധനങ്ങൾ പൊടി കൊണ്ടു മൂടി​. റോഡിൽ വാഹനങ്ങളും മറ്റും പാർക്ക് ചെയ്താൽ നിമിഷനേരം കൊണ്ടാണ് പൊടിയിൽ കുളി​ക്കും.

നിത്യരോഗം ആശങ്ക

നിർമ്മാണ പ്രവൃത്തികൾ കഴിയുമ്പോഴേക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിത്യരോഗികളായി മാറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. പൊടി ഉയരുന്നത് ഇല്ലാതാക്കാൻ ശ്രമിക്കേണ്ട ദേശീയപാത കരാറുകാരൻ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇടയ്ക്കിടെ വെള്ളം നനച്ച് പൊടിശല്യം കുറയ്ക്കാമെന്നിരിക്കെ അതിനുപോലും കരാറുകാരൻ തയ്യാറാകുന്നില്ല. അടിയന്തര നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ആവശ്യം.

കരുതൽ വേണം

പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കുക  ഇരുചക്രവാഹനക്കാർ മുഖവും മൂക്കും മൂടുന്ന ഹെൽമറ്റ് ധരിക്കുക

ജില്ലയിൽ ദേശീയപാത വികസനം

ഓച്ചിറ- പാരിപ്പള്ളി- കടമ്പാട്ടുകോണം: 72 കിലോമീറ്റർ

പൊടികാരണം പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ചുമയും അലർജിയും കാരണം പൊറുതി മുട്ടി

രാജീവ് , പരിമണം സ്വദേശി