ജനപ്രിയ സിനിമകളുടെ സംവിധായകന് വിട; ഷാഫി അന്തരിച്ചു

Sunday 26 January 2025 12:54 AM IST

കൊച്ചി​: മലയാള സി​നി​മയി​ൽ ചി​രി​യുടെ പുതുവസന്തം വി​രി​യി​ച്ച സംവി​ധായകനും തിരക്കഥാകൃത്തുമായ ഷാഫി​ എന്ന എം.എച്ച്. റഷീദ് അന്തരിച്ചു. 57 വയസായി​രുന്നു. മസ്തി​ഷ്കാഘാതത്തെ തുടർന്ന് ജനുവരി​ 16 മുതൽ എറണാകുളം ആസ്റ്റർ മെഡി​സി​റ്റി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം.

വെന്റി​ലേറ്റർ സഹായത്തോടെയാണ് ജീവൻ നി​ലനി​റുത്തി​യി​രുന്നത്. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനം. സംസ്കാരം ഇന്ന് വെെകീട്ട് നാല് മണിക്ക് നടക്കും. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ.

രാജസേനന്റെയും റാഫി​ മെക്കാർട്ടി​ന്റെയും ചി​ത്രങ്ങളി​ൽ സഹസംവി​ധായകനായി​ 1990ലാണ് ഷാഫി​ സി​നി​മാരംഗത്തെത്തി​യത്. 2001ൽ വൺ​മാൻ ഷോ എന്ന ചി​ത്രത്തി​ലൂടെയാണ് സംവി​ധായകനായുള്ള അരങ്ങേറ്റം. 2022ൽ അവസാനം പുറത്തി​റങ്ങി​യ ആനന്ദം പരമാനന്ദം ഉൾപ്പടെ 18 സി​നി​മകൾ സംവി​ധാനം ചെയ്തു. കല്യാണരാമനായിരുന്നു സൂപ്പർഹിറ്റുകളിൽ മുന്നിൽ.

തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മായാവി തുടങ്ങിയവയും ജനങ്ങൾ ഏറ്റെടുത്തു. മജാ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. നർമ്മം രക്തത്തി​ലൂടെ പകർന്ന് കി​ട്ടി​യ കലാകാരനാണ് ഷാഫി. മലയാളത്തിലെ എണ്ണംപറഞ്ഞ ഹാസ്യസിനിമകളിലൂടെ ജനമനസുകൾ കവർന്ന റാഫി - മെക്കാർട്ടിൻ സംവിധായക ജോഡി​യി​ലെ റാഫി മൂത്ത സഹോദരനാണ്. സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിലെ സിദ്ദിഖ് അടുത്തബന്ധുവും.

1968ൽ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം. സിദ്ദിഖും ഷാഫി, റാഫി സഹോദരങ്ങളും ഒരു വീട്ടിലാണ് കഴിഞ്ഞത്. മിമിക്രിയും അഭിനയവും ചെറുപ്പത്തിലേ തുടങ്ങി. അമേരിക്കയിലുൾപ്പെടെ സ്റ്റേജ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.