ഹിറ്റ്മേക്കർക്ക് വിട, സംവി​ധായകൻ ഷാഫി​ അന്തരിച്ചു

Sunday 26 January 2025 4:25 AM IST

കൊച്ചി​: മലയാള സി​നി​മയി​ൽ ചി​രി​യുടെ പുതുവസന്തം വി​രി​യി​ച്ച സംവി​ധായകനും തിരക്കഥാകൃത്തുമായ ഷാഫി​ എന്ന എം.എച്ച്.റഷീദ് അന്തരിച്ചു. 57 വയസായി​രുന്നു. മസ്തി​ഷ്കാഘാതത്തെ തുടർന്ന് ജനുവരി​ 16 മുതൽ എറണാകുളം ആസ്റ്റർ മെഡി​സി​റ്റി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെയാണ് ഇന്ന് പുലർച്ചെ 12.25ഓടെ മരിച്ചത്.

വെന്റി​ലേറ്റർ സഹായത്തോടെയാണ് ജീവൻ നി​ലനി​റുത്തി​യി​രുന്നത്. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. മൃതദേഹം ഇന്ന് രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് 4ന്.

1968ൽ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം. റാഫി - മെക്കാർട്ടിൻ സംവിധായക ജോഡി​യി​ലെ റാഫി മൂത്ത സഹോദരനാണ്. രാജസേനന്റെയും റാഫി​ മെക്കാർട്ടി​ന്റെയും ചി​ത്രങ്ങളി​ൽ സഹസംവി​ധായകനായി​ 1990ലാണ് ഷാഫി​ സി​നി​മാരംഗത്തെത്തി​യത്. 2001ൽ വൺ​മാൻ ഷോ എന്ന ചി​ത്രത്തി​ലൂടെയാണ് സംവി​ധായകനായുള്ള അരങ്ങേറ്റം. 2022ൽ അവസാനം പുറത്തി​റങ്ങി​യ ആനന്ദം പരമാനന്ദം ഉൾപ്പെടെ 18 സി​നി​മകൾ സംവി​ധാനം ചെയ്തു.