ഷാഫിക്ക് വിട നൽകി സിനിമാലോകം, ഭൗതിക ശരീരം എറണാകുളം  കറുകപ്പിള്ളി  ജുമാ  മസ്‌ജിദിൽ ഖബറടക്കി

Sunday 26 January 2025 3:03 PM IST

കൊച്ചി​: മലയാള സി​നി​മയി​ൽ ചി​രി​പ്പൂരം തീർത്ത സംവി​ധായകനും തിരക്കഥാകൃത്തുമായ ഷാഫി​ക്ക് വിട നൽകി സിനിമാലോകം. ഭൗതിക ശരീരം എറണാകുളം കറുകപ്പിള്ളി ജുമാ മസ്‌ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. മസ്തി​ഷ്കാഘാതത്തെ തുടർന്ന് ജനുവരി​ 16 മുതൽ എറണാകുളം ആസ്റ്റർ മെഡി​സി​റ്റി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം.

എം.എച്ച്. റഷീദ് എന്നാണ് യഥാർത്ഥ പേര്. 57 വയസായി​രുന്നു. വെന്റി​ലേറ്റർ സഹായത്തോടെയാണ് ജീവൻ നി​ലനി​റുത്തി​യി​രുന്നത്. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനമുണ്ടായിരുന്നു. നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, മനോജ് കെ ജയൻ, ഷമ്മി തിലകൻ, മണിക്കുട്ടൻ, സിദ്ദിഖ്, ലാൽ, വിനീത്, നടിമാരായ ജോമോൾ, പൊന്നമ്മ ബാബു, സംവിധായകരായ സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രിയ സംവിധായകന് അന്തിമോപചാരം അർപ്പിച്ചു.

മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യ സിനിമകളിലൂടെ ജനമനസുകൾ കവർന്ന റാഫി - മെക്കാർട്ടിൻ സംവിധായക ജോഡി​യി​ലെ റാഫി മൂത്ത സഹോദരനാണ്. സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിലെ സിദ്ദിഖ് അടുത്ത ബന്ധുവും. രാജസേനന്റെയും റാഫി-​ മെക്കാർട്ടി​ന്റെയും ചി​ത്രങ്ങളി​ൽ സഹസംവി​ധായകനായി​ 1990ലാണ് ഷാഫി​ സി​നി​മാരംഗത്തെത്തി​യത്. 2001ൽ വൺ​മാൻ ഷോ എന്ന ചി​ത്രത്തി​ലൂടെയാണ് സംവി​ധായകനായുള്ള അരങ്ങേറ്റം.

2022ൽ അവസാനം പുറത്തി​റങ്ങി​യ ആനന്ദം പരമാനന്ദം ഉൾപ്പടെ 18 സി​നി​മകൾ സംവി​ധാനം ചെയ്തു. ദിലീപ് ചിത്രം കല്യാണരാമൻ അദ്ദേഹം സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമകളിലൊന്നാണ്.

തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മായാവി തുടങ്ങിയവയും ഹിറ്റ് ചിത്രങ്ങളായിരുന്നു. മജാ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.

1968ൽ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം. സിദ്ദിഖും ഷാഫി, റാഫി സഹോദരങ്ങളും ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്. മിമിക്രിയും അഭിനയവും ചെറുപ്പത്തിലേ തുടങ്ങിയിരുന്നു. അമേരിക്കയിലുൾപ്പെടെ സ്റ്റേജ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.