'അന്യസ്ത്രീകളെ തൊടാറില്ല'; വെെശാലിക്ക് ഹസ്തദാനം നൽകാതെ ഉസ്‌ബെക്ക് താരം, വിശദീകരണം

Monday 27 January 2025 3:32 PM IST

ആംസ്റ്റർഡാം: ചെസ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ വെെശാലിക്ക് ഹസ്തദാനം നൽകാൻ ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബ്ബോവ് വിസമ്മതിച്ചതിനെച്ചൊല്ലി വിവാദം. നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.

വെെശാലി ഹസ്തദാനത്തിനായി കെെനീട്ടിയിട്ടും ഉസ്ബെക്കിസ്ഥാൻ താരം പിൻവലിഞ്ഞുനിൽക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഇരുവരും തമ്മിലുള്ള നാലാം റൗണ്ട് മത്സരത്തിന് മുന്നോടിയായാണ് ചെസ് ബോർഡിനടുത്തെക്കെത്തിയ യാകുബ്ബോവിന് കെെകൊടുക്കാനായി വെെശാലി കെെ നീട്ടിയത്. എന്നാൽ അത് നിരസിച്ച് അടുത്തുള്ള കസേരയിൽ താരം ഇരിക്കുകയായിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി യാക്കുബ്ബോവ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ എക്സ് പേജിലൂടെയായിരുന്നു വിശദീകരണം. മതപരമായ കാരണങ്ങളാലാണ് കെെകൊടുക്കാതിരുന്നതെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.

'ഇന്ത്യയിൽ നിന്നുള്ള ശക്തരായ ചെസ് താരങ്ങളെന്ന നിലയിൽ വെെശാലിയെയും സഹോദരൻ ആർ പ്രഗ്‌നാനന്ദയെയും ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്റെ പെരുമാറ്റം അവർക്ക് അപമാനകരമായെങ്കിൽ ക്ഷമ ചോദിക്കുന്നു. മതപരമായ കാരണങ്ങളാലാണ് കെെകൊടുക്കാതിരുന്നത്',- യാക്കുബ്ബോവ് വ്യക്തമാക്കി.