സ്‌കൂളുകള്‍ക്ക് വേനലവധി പ്രഖ്യാപിച്ചു; സന്തോഷത്തില്‍ ഒരുകൂട്ടര്‍, ബമ്പറടിച്ചത് മറ്റൊരു കൂട്ടര്‍ക്ക്

Tuesday 28 January 2025 8:49 PM IST


ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ തിരക്കിലാണ് പ്രവാസി കുടുംബങ്ങള്‍. ജൂണ്‍ മാസത്തിലെ അവസാന അഴ്ച മുതല്‍ സെപ്റ്റംബര്‍ ആദ്യ വാരം വരെയാണ് അവധിക്കാലമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ആറ് മാസം മുന്‍പ് തന്നെ വിമാനടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യങ്ങള്‍ ഉള്ളതിനാലും നേരത്തെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് നിരക്ക് കുറവായതിനാലും പലരും ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ കാലയളവില്‍ തുടക്കത്തില്‍ നിരക്ക് കുറഞ്ഞിരുന്നുവെങ്കിലും വെബ്‌സൈറ്റ് വഴിയും നേരിട്ടും അന്വേഷണങ്ങള്‍ കൂടിവരുന്നതോടെ വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടുന്നതാണ് മുന്‍ വര്‍ഷങ്ങളിലെ അനുഭവം.

ബജറ്റ് എയര്‍ലൈന്‍ കമ്പനികള്‍ പോലും വലിയ നിരക്കാണ് അവധിക്കാലത്ത് ഈടാക്കുന്നത്. മാര്‍ക്കറ്റ് ട്രെന്‍ഡ് അനുസരിച്ചാണ് വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. സാധാരണ സമയത്തുള്ള നിരക്കിനേക്കാള്‍ അഞ്ചും ആറും ഇരട്ടി വരെയാണ് വിവിധ കമ്പനികള്‍ ഈടാക്കാറുള്ളത്. ഈ വിഷയത്തില്‍ പ്രവാസികള്‍ കാലങ്ങളായി പരാതി ഉന്നയിക്കാറുമുണ്ട്. എന്നാല്‍ വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് അവസാനമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ നിരവധി തവണ ഈ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. വിഷയം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും എന്നിരുന്നാലും സാദ്ധ്യമായതെല്ലാം ചെയ്യുമെന്നുമാണ് സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു നല്‍കിയിട്ടുള്ള മറുപടി.