പുതു തലമുറ പത്രം വായിക്കുന്നില്ല : അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഗേറ്റ്‌വേ ആയിരുന്നു പഴയ തലമുറയ്ക്ക് ദിനപത്ര വായനയെന്നും പുതു തലമുറ ആ നല്ല ശീലം ഉപേക്ഷിച്ചതിനാൽ വിദ്യാർത്ഥികളിൽ പോലും പൊതുവിജ്ഞാനം കുറയാൻ കാരണമായെന്നും അഹമ്മദ് ദേവർകോവിൽ എം.എൽ.എ പറഞ്ഞു.
കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാദ്ധ്യമ പ്രവർത്തകൻ വിനു.വി ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനപ്രസിഡന്റ് പി.കെ.സത്താർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളന ലോഗോ ഡിസൈനിംഗ് മത്സര വിജയിക്കുള്ള അവാർഡുദാനം കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിച്ചു. എൻ.പി.എ.എ ദേശീയ വൈസ് പ്രസിഡന്റ് ഭഗവത് നാരായണൻ ചൗരസ്യ മുഖ്യപ്രഭാഷണം നടത്തി. പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ,കോഴിക്കോട് കോർപ്പറേഷൻ അംഗം നവ്യ ഹരിദാസ്,കർണാടക പത്രവിതരണ കൂട്ടായ്മ സംഘം പ്രസിഡന്റ് ശംഭുലിംഗ,നിസരി സൈനുദ്ദീൻ,ഒ.സി.ഹനീഫ,സി.പി.അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. പത്ര ഏജന്റുമാരായി ദീർഘകാലം സേവനം ചെയ്‌തവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ സ്വാഗതവും ട്രഷറർ പി.വി.അജീഷ് നന്ദിയും പറഞ്ഞു. പത്ര ഏജന്റുമാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അരയിടത്തു പാലത്തുനിന്നും ആരംഭിച്ച് സമ്മേളന നഗരിയായ മുതലക്കുളത്ത് സമാപിച്ച റാലിക്ക് ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കളായ പി.കെ.സത്താർ,ചേക്കുട്ടി കരിപ്പൂർ,പി.വി.അജീഷ്,സി.പി.അബ്ദുൽ വഹാബ്,സലീം രണ്ടത്താണി,രാമചന്ദ്രൻ നായർ,ടി.പി.ജനാർദൻ,ബാബു വർഗീസ്,അരുൺ നായർ,എം.ഉണ്ണിക്കൃഷ്ണൻ നായർ,കെ.എ.യാക്കൂബ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന
സമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട് നടന്ന പ്രകടനം