മേയറുടെ 'മണിമേഖല"യിൽ മാലിന്യം നൂറുമേനിയാകും, ടെറസിൽ പച്ചക്കറിത്തോട്ടമൊരുക്കി അനിൽകുമാർ
കൊച്ചി: നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന്റെ മാതൃകയാണ് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാറിന്റെ എളമക്കരയിലുള്ള 'മണിമേഖല" വീട്. ജൈവമാലിന്യം വീട്ടിൽ സംസ്‌കരിച്ച് ടെറസിൽ പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുകയാണ് മേയറും ഭാര്യയും ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് ഇൻ ചാർജുമായ സ്മിതയും.
വഴുതന, തക്കാളി, വെണ്ട, നാരകം, പച്ചമുളക്, വാഴ, മുന്തിരി, സപ്പോട്ട, പേര, പപ്പായ എന്നിങ്ങനെ ടെറസിന്റെ പരിമിതികൾക്കുള്ളിൽ പറ്റാവുന്ന കൃഷിയൊക്കെയുണ്ട്. രാവിലെ തോട്ടം നനയ്‌ക്കൽ മേയറുടെ ജോലിയാണ്. വളമിടീലും പരിപാലനവുമെല്ലാം ഭാര്യയ്‌ക്കും. ഇതിനായി ഇരുവരും ദിവസവും കുറച്ചുസമയം മാറ്റിവയ്‌ക്കും.
മേയർ തിരക്കുകളിലേക്ക് പോകുമ്പോൾ പച്ചക്കറിത്തോട്ടമാണ് തനിക്ക് ആശ്വാസമാകാറുള്ളതെന്ന് സ്മിത പറയുന്നു. അമ്മ കൂടുതലും ചെടികളോടാണ് സംസാരിക്കുന്നതെന്ന് മക്കളായ ശ്രുതിയും സ്വാതിയും പറയാറുണ്ടെന്ന് മേയറും വ്യക്തമാക്കുന്നു. മണിമേഖലയിലെ അജൈവ മാലിന്യങ്ങൾ മാത്രമേ സംസ്‌കരിക്കാൻ നൽകുന്നുള്ളൂ.
മാലിന്യ സംസ്‌കരണത്തിന് മൺബിൻ
മാലിന്യ സംസ്‌കരണത്തിന് മണ്ണുകൊണ്ടുള്ള മൂന്ന് ബയോബിന്നുകളുണ്ട് വീട്ടിൽ. ഇതിൽ മാലിന്യമിട്ടശേഷം ഇനോക്കുലമിട്ട് അടയ്‌ക്കും. ദിവസവും ഇളക്കി കൊടുക്കും. ഇടയ്ക്ക് ചകിരിച്ചോറുമിടും. യാതൊരു ദുർഗന്ധവുമില്ല. ഹീൽ (ഹെൽത്ത് എൻവയൺമെന്റ് അഗ്രികൾച്ചർ ലൈവ്ഹുഡ്) കൊച്ചി പദ്ധതി കൗൺസിൽ അധികാരമൊഴിയുമ്പോഴേക്കും പരമാവധി ഡിവിഷനുകളിൽ നടപ്പാക്കണമെന്നാണ് ആഗ്രഹമെന്ന് മേയർ പറയുന്നു.
'പ്രകൃതിയോട് ഇണങ്ങി ജീവിക്കുക. അജൈവ, ജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിക്കുക. വീട്ടിൽ പറ്റാവുന്ന സ്ഥലത്തൊരു പച്ചക്കറിത്തോട്ടം നിർമ്മിക്കുക".
- അഡ്വ. എം. അനിൽകുമാർ, കൊച്ചി മേയർ