റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ  ദിവസങ്ങൾ മാത്രം,​ ഇഷ്ടക്കാർക്ക്  താത്കാലിക നിയമനം നൽകാനുള്ള തന്ത്രമെന്ന് ആക്ഷേപം

Wednesday 29 January 2025 1:56 AM IST

തിരുവനന്തപുരം : കേന്ദ്രസർക്കാരിന് കീഴിലുള്ള തലസ്ഥാനത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിയമനത്തിനായി നെട്ടോട്ടമോടി 531 നഴ്സുമാർ. റാങ്ക് ലിസ്റ്റിന്റെ രണ്ടുവർഷ കാലാവധി അടുത്തമാസം ആറിന് അവസാനിക്കും. ഇതുവരെ നിയമനം നൽകിയത് 59 പേർക്ക് മാത്രം. ലിസ്റ്റിൽ ഉള്ളവരുടെ 10 ശതമാനം മാത്രമാണിത്.

ഗവേണിംഗ് ബോഡി കനിഞ്ഞാൽ മാത്രമേ നിയമനം നടക്കൂ. ജീവനക്കാരുടെ ഇഷ്ടക്കാരെ താത്കാലിക നഴ്സുമാരായിനിയമിക്കാനാണ് നീക്കമെന്ന് ആക്ഷേപമുയർന്നു. റാങ്ക് ലിസ്റ്റ് കാലഹരണപ്പെടാൻ കാത്തിരിക്കുകയാണ് അവർ.

2022 മാർച്ച് 23നാണ്നഴ്സിംഗ് ഓഫീസർ എ തസ്തികയിലേക്ക് വിജ്ഞാപനമിറങ്ങിയത്. എഴുത്തു പരീക്ഷയും സ്കിൽ ടെസ്റ്റും പാസായ 590പേരുടെ റാങ്ക് ലിസ്റ്റ് 2023 ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ചു. പക്ഷേ, രണ്ടു വർഷത്തിടെ നിയമിച്ചത് 59പേരെ മാത്രം.

2010ൽ നടത്തിയ പരീക്ഷ പ്രകാരമുള്ള റാങ്ക് ലിസ്റ്റിലെ മിക്കവർക്കും നിയമനം ലഭിച്ചിരുന്നു.അന്നത്തെ ഗവേണിംഗ് ബോഡി ഇതിനായി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടുകയും ചെയ്തു.

ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് വന്നിട്ടും താത്കാലികക്കാരെ പിരിച്ചുവിട്ടില്ലെന്നും ഇഷ്ടക്കാരെ തിരികി കയറ്റാനായി ചില ഏജൻസികളെ നിയോഗിച്ചെന്നും ആക്ഷേപമുണ്ട്.

ഒൻപത് നിലകളായി, 400ഓളം ഒഴിവുകൾ

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം 230 കോടി ചെലഴിച്ച് പണിത പുതിയ ഒൻപത് നിലകെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം 20ന് നിശ്ചയിച്ചിരിക്കുകയാണ്. അവിടേക്ക് 400ഓളം നഴ്സുമാരെ വേണമെന്നാണ് വിവരം. എന്നിട്ടും റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാനോ അതിന്റെ കാലാവധി നീട്ടാനോ ഗവേണിംഗ് ബോഡി തയ്യാറാകുന്നില്ല. പേ വാർഡുകൾ ഉൾപ്പെടെ 170കിടക്കകളാണ് പുതിയ കെട്ടിടത്തിലുള്ളത്. ആദ്യമായാണ് ചിത്രയിൽ പേവാർഡ് വരുന്നത്.

 44900 - 142400: നഴ്സിംഗ് ഓഫീസർ എ ഗ്രേഡിന്റെ ശമ്പളം