കബഡി ടൂർണമെന്റിൽ കൊല്ലവും മദ്ധ്യപ്രദേശും ജേതാക്കൾ

Wednesday 29 January 2025 12:19 AM IST

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യ കബഡി ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ മദ്ധ്യപ്രദേശും വനിതാ വിഭാഗത്തിൽ കൊല്ലവും ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലിൽ ടൂർണമെന്റിലുടനീളം ഓൾറൗണ്ട് മികവ് കാഴ്ചവച്ച മദ്ധ്യപ്രദേശ് കർണാടകയെ (33, 21) ആണ് തോൽപ്പിച്ചത്. മദ്ധ്യപ്രദേശിന്റെ സച്ചിൻ മികച്ച റൈഡറായും കർണാടകയുടെ നിസാൻ മികച്ച ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു.

വനിതാ വിഭാഗത്തിൽ കൊല്ലം കോഴിക്കോടിനെ (33, 25) ആണ് തോൽപ്പിച്ചത്. കൊല്ലത്തിന്റെ മാളവികയാണ് മികച്ച റൈഡർ. സുകന്യ (കോഴിക്കോട്) മികച്ച ഡിഫൻഡറായി.

പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കബഡിയിൽ നടന്ന സമാപന ചടങ്ങിൽ പുരുഷ വിഭാഗം ജേതാക്കൾക്ക് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.സോമപ്രസാദും വനിതാ വിഭാഗം ജേതാക്കൾക്ക് എം.നൗഷാദ് എം.എൽ.എയും ട്രോഫികൾ സമ്മാനിച്ചു. ജേതാക്കൾക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 50000 രൂപയും റൈഡർക്കും ഡിഫൻഡർക്കും 5000 രൂപ വീതവും നൽകി.