ശിവഗിരിയിൽ മഹാഗുരുപൂജ നടത്തി
ശിവഗിരി: കോട്ടയം ജില്ലയിലെ ശ്രീനാരായണ വിശ്വാസികളുടെ ഒന്നാംനിര ആത്മീയ കേന്ദ്രമായ കോട്ടയം നാഗമ്പടം ക്ഷേത്രത്തിലെ 112-ാമത് ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നിന്നും ഇന്നലെ ശിവഗിരിയിൽ പ്രധാന വഴിപാടായ മഹാഗുരുപൂജ നടത്തി. കോട്ടയം അരീക്കര എസ്.എൻ.ഡി.പി ശാഖ, കൊല്ലം കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രം, പോണേക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,എസ്.എൻ.ഡി.പി യോഗം എറണാകുളം മരട് നോർത്ത് ശാഖ, ഗുർഷാ ശാഖാ കുടുംബം എന്നിവിടങ്ങളിൽ നിന്നൊക്കെയും സമീപകാലത്തായി ശിവഗിരിയിൽ മഹാഗുരുപൂജ നടത്തിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുൾപ്പടെ വ്യക്തികളുടെയും കുടുംബങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പേരിൽ മഹാഗുരുപൂജ വഴിപാട് നടത്താറുണ്ട്. പൂജ നടത്തുന്നവർക്ക് തലേന്നേ എത്തി ശിവഗിരി അതിഥി മന്ദിരത്തിൽ താമസിക്കാനുള്ള സൗകര്യവുമുണ്ട്. പൂജാ വിവരങ്ങൾക്ക് മഠം പി.ആർ.ഒയുമായി ബന്ധപ്പെടാം. ഫോൺ: 94474551499.
ഈഴവ - പിന്നാക്ക വിഭാഗങ്ങൾ
ഒന്നിക്കണം: വി.കെ.അശോകൻ
തൃശൂർ: ഇനിയും ഒന്നിച്ചു പ്രവർത്തിച്ചില്ലെങ്കിൽ ഈഴവ - പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതി ദയനീയമായി തീരുമെന്നും ആ തകർച്ച ഒഴിവാക്കാൻ എല്ലാ ഈഴവ പിന്നാക്ക വിഭാഗങ്ങളും ഒന്നിക്കണമെന്നും എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു.
ഈഴവ - പിന്നാക്ക വിഭാഗങ്ങളെ ഇടതു വലതു മുന്നണികൾ പങ്കിട്ടെടുത്ത് ഭരണം പിടിക്കുന്നു. ഭരണം കിട്ടിയാൽ സംഘടിത സവർണ വിഭാഗങ്ങൾക്ക് ആവശ്യത്തിലേറെ സഹായങ്ങൾ ചെയ്തുകൊടുക്കും.
ഈഴവ പിന്നാക്ക വിഭാഗങ്ങളെ ബലിയാടാക്കുന്ന രീതികണ്ട് സഹികെട്ടാണ് എസ്.എൻ.ഡി.പി യോഗവും 14 പിന്നാക്ക സമുദായങ്ങളും ചേർന്ന് എസ്.ആർ.പി രൂപീകരിച്ചത്. എന്നാൽ, സംഘടിത സവർണ രാഷ്ട്രീയ നേതാക്കൾ പാർട്ടിയെ തകർത്തു. ഈഴവ അംഗങ്ങൾ ഏറെയുണ്ടായിരുന്ന അസംബ്ലികളിൽ സ്ഥിതി അതിദയനീയമായി. ആർ. ശങ്കറിനുശേഷം വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മുഖ്യമന്ത്രിയായെങ്കിലും അവരുടെ പാർട്ടിയുടെ ലക്ഷ്മണരേഖ കടക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.