കടുവയെപ്പോലെയെന്ന് ചെന്താമര വിശ്വസിച്ചു
പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകം പ്രതി ചെന്താമര ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ. അതിവിദഗ്ദ്ധനായ കുറ്റവാളിയാണ്. കടുവയെപ്പോലെ കരുത്തനെന്ന് സ്വയം വിശ്വസിച്ചിരുന്നു. പൊലീസിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ടാണ് രണ്ടു ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചത്.
ഇയാളുടെ വീടിനടുത്തുള്ള പാടത്തു നിന്നാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ കസ്റ്റഡിയിലെടുത്തത്. വിശപ്പ് സഹിക്കാനാകാതെയാണ് കാടിറങ്ങി വീട്ടിലേക്കു വന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. കൃത്യത്തിനുശേഷം വീടിനു ചുറ്റുമുള്ള മുള്ളുവേലി ചാടിക്കടന്ന് കൊലയ്ക്ക് ഉപയോഗിച്ച വടിവാൾ വീടിനുള്ളിൽ വച്ചു.
വീടിന്റെ പിൻഭാഗത്തുകൂടിയാണ് കാട്ടിലേക്കു പോയത്. വേലി ചാടിക്കടന്നതിന്റെ ചെറിയ പരിക്കുകൾ ദേഹത്തുണ്ട്.
ഒളിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് പ്രതിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. കൊലയ്ക്കുവേണ്ടി ആയുധങ്ങൾ നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് ആയുധം വാങ്ങിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തെളിവെടുപ്പിലേ വ്യക്തമാകൂ. ഒരുമാസമായി ഇയാൾ വീട്ടിലുണ്ടായിരുന്നു. കുറേ കാര്യങ്ങൾ ചെന്താമര പറയുന്നുണ്ടെങ്കിലും പലതിലും വൈരുദ്ധ്യങ്ങളുണ്ട്. കുറ്റകൃത്യം ചെയ്യാനോ രക്ഷപ്പെടാനോ ആരുടെയും സഹായം ഇയാൾക്ക് കിട്ടിയിട്ടില്ല. ജാമ്യത്തിൽ ഇറങ്ങിയ സമയത്തു ക്വാറിയിലാണ് ജോലി ചെയ്തിരുന്നത്. ഇവിടത്തെ സഹപ്രവർത്തകന്റെ ഫോണിൽ സിം ഇട്ടാണ് ആളുകളെ ബന്ധപ്പെട്ടിരുന്നത്.
ഇരട്ടക്കൊല പുനരാവിഷ്കരിക്കും
അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകും. തുടർന്ന് തെളിവെടുപ്പ് നടത്തും. ഇരട്ടക്കൊല പുനരാവിഷ്കരിക്കും. പ്രതിയെ പുറത്തുവിടാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കും. പൊലീസ് മികച്ച രീതിയിലാണ് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തിയത്. പരിശോധനയ്ക്കു സഹായിച്ച നാട്ടുകാർക്കു പ്രത്യേകം നന്ദിയെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
കുറ്റബോധമില്ല,
സന്തോഷവാൻ
കുറ്റകൃത്യത്തിൽ പ്രതിക്കു കുറ്റബോധമില്ലെന്നും അതിൽ സന്തോഷവാനുമാണെന്ന് ജില്ലാ പൊലീസ് മേധാവി. കൂടുതൽപേരെ ഇയാൾ ലക്ഷ്യമിട്ടോ എന്നതു സ്ഥിരീകരിക്കാനായിട്ടില്ല. പ്രതി വിഷം കുടിച്ചതായി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്താനായില്ല. വിഷക്കുപ്പി ഉപേക്ഷിച്ചത് അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്ന് കരുതുന്നു. കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തോട് ചെന്താമരയ്ക്കു വൈരാഗ്യം ഉണ്ടായിരുന്നു. അയൽക്കാർ മന്ത്രവാദം ചെയ്തതു കൊണ്ടാണ് ഭാര്യ തന്നെ വിട്ടുപോയതെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മറ്റു കാരണങ്ങൾ അന്വേഷിക്കും.