സീനിയർ ഐ.എ.എസുകാർക്ക് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം
തിരുവനന്തപുരം: സീനിയർ ഐ.എ.എസ് ഓഫീസർമാർക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നൽകി സർക്കാർ ഉത്തരവ്. ചിലരുടെ അധികച്ചുമതലകൾ ഒഴിവാക്കി. ധനകാര്യവകുപ്പ് റിസോഴ്സ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. ഒരു വർഷത്തേക്ക് ഈ പദവി പ്രത്യേകം ഉയർത്തിയാണ് നിയമനം. സാമ്പത്തിക വർഷാവസാനം വരെ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ അധികച്ചുമതലയും നൽകി. സിവിൽ സപ്ലൈസ് ചെയർമാനായിരുന്ന പി.ബി.നൂഹിനെ ഗതാഗത വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാന്റെ അധികച്ചുമതലയും ഇദ്ദേഹത്തിനാണ്.
ഡോ. അശ്വതി ശ്രീനിവാസ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിക്കപ്പെടും. സിവിൽ സപ്ലൈസ് കമ്മിഷണറായിരുന്ന മുകുന്ദ് താക്കൂറിനെ മാറ്റി, പകരം മുഹമ്മദ് ഷഫീഖിന് ചുമതല നൽകി. സാമൂഹിക നീതി വകുപ്പിന്റെ അധികച്ചുമതല വഹിക്കുന്ന അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, സ്ത്രീ ശിശു വികസന വകുപ്പിന്റെ അധികച്ചുമതല വഹിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമില മേരി ജോസഫ്, കായികം, യുവജനകാര്യം, ന്യൂനപക്ഷക്ഷേമ വകുപ്പുകളുടെ അധികച്ചുമതല വഹിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഗതാഗത വകുപ്പിന്റെ അധികച്ചുമതല വഹിക്കുന്ന സെക്രട്ടറി ഡോ. കെ.വാസുകി എന്നിവരെ അധികച്ചുമതലകളിൽ നിന്ന് ഒഴിവാക്കി. മുകളിൽ പോസ്റ്റുചെയ്ത എല്ലാ സ്‌പെഷ്യൽ സെക്രട്ടറിമാർക്കും അതത് വകുപ്പുകളുടെ സ്വതന്ത്ര ചുമതല ഉണ്ടായിരിക്കും.
അദീല അബ്ദുള്ളയെ സാമൂഹിക നീതി വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ അധികച്ചുമതലയും നൽകി. ഫിഷറീസ് ഡയറക്ടർ ബി.അബ്ദുൾ നാസർ സ്‌പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ എന്നീ തസ്തികകളുടെ അധികച്ചുമതലയും അദ്ദേഹത്തിനാണ്.