മലയോര വികസന ജാഥയിൽ പങ്കെടുക്കും: പി.വി.അൻവർ

Thursday 30 January 2025 12:43 AM IST

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര വികസന ജാഥയുടെ നിലമ്പൂരിലെ സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി.അൻവർ പറഞ്ഞു. പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കവളപ്പാറയിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ച് നൽകിയ 10 വീടുകളുടെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഔദ്യോഗികമായി ക്ഷണിച്ചോയെന്ന ചോദ്യത്തിന്,​ മലയോരത്തെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് സമരമെന്നും ഇതിൽ പങ്കെടുക്കാൻ ക്ഷണം ആവശ്യമില്ലെന്നുമായിരുന്നു മറുപടി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം എന്നിവർക്കൊപ്പമാണ് അൻവർ പരിപാടിയിൽ പങ്കെടുത്തത്.