എസ്.ഐ.ബി ഓപ്പറേഷൻസ് വിഭാഗം കൊച്ചിയിലേക്ക്
കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ(എസ്.ഐ.ബി) പുതിയ ഓഫീസ് കൊച്ചിയിൽ ചെയർമാൻ വി ജെ കുര്യൻ ഉദ്‌ഘാടനം ചെയ്തു. 96 വർഷത്തെ പ്രവർത്തന മികവിന്റെ പ്രതീകമായാണ് 12 നിലകളിലുള്ള 'എസ്.ഐ.ബി ടവർ' തയ്യാറാക്കിയിരിക്കുന്നത്. 1929ൽ സ്വദേശി പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് നാല്പത്തിരണ്ട്‍ പേർ ചേർന്നാണ് തൃശൂരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ആരംഭിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തനത്തിലെ നാഴികക്കല്ലാണ് കാക്കനാടുള്ള 'എസ് ഐ ബി ടവർ' എന്ന് വി. ജെ കുര്യൻ പറഞ്ഞു. മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി. ആർ ശേഷാദ്രി അദ്ധ്യക്ഷത വഹിച്ചു.
രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ 1200 ജീവനക്കാർക്കുള്ള വർക്ക് സ്പേസിന് പുറമെ മെഗാ കറൻസി ചെസ്‌റ്റ്, ബ്രാഞ്ച് ഓഫീസ്, അനുബന്ധ ഓഫീസുകൾ തുടങ്ങിയവയുണ്ട്. ബാങ്കിന്റെ ഓപ്പറേഷൻസ് വിഭാഗം പൂർണമായും കൊച്ചിയിലേക്ക് മാറുമെങ്കിലും രജിസ്‌ട്രേഡ് ഓഫീസ് തൃശൂരിൽ തുടരും.