ഹൈഡ്രജൻ ഉപയോഗം കൂട്ടാൻ പുതിയ കമ്പനി

Friday 31 January 2025 4:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈഡ്രജൻ വാഹനങ്ങളും വ്യവസായങ്ങളും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ കമ്പനി രൂപീകരിക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവിറക്കി.'ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ കേരള" എന്ന പേരിൽ അനർട്ടിന്റെ നേതൃത്വത്തിലായിരിക്കും പുതിയ കമ്പനി. അനർട്ടിന്റെ സി.ഇ.ഒയായിരിക്കും ചെയർമാനും മാനേജിംഗ് ഡയറക്ടറും.

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വ്യവസ്ഥകളും നിർദ്ദേശങ്ങളും അനുസരിച്ചാണ് കമ്പനി വരുന്നത്. 2030വരെയുള്ള ആദ്യഘട്ടത്തിൽ 133കോടി രൂപയാണ് ചെലവ്. ഇതിൽ 58കോടി കേന്ദ്രവിഹിതമായിരിക്കും. ബാക്കി സംസ്ഥാനസർക്കാരും ഓഹരിയുടമകളും ചേർന്ന് വഹിക്കും. കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികൾ, സംസ്ഥാന സർക്കാരിലെ ധന, വൈദ്യുതി വകുപ്പുകളിലെ പ്രതിനിധികൾ, ഓഹരിയുടമകളുടെ രണ്ട് പ്രതിനിധികൾ, പൊതു, സ്വകാര്യവ്യവസായങ്ങളുടെ രണ്ട് പ്രതിനിധികൾ എന്നിവരാണ് ഡയറക്ടർ ബോർഡിലുണ്ടാകുക.

ഇതിലൂടെ സംസ്ഥാനത്ത് കൂടുതൽ അടിസ്ഥാനസൗകര്യവികസനം, തൊഴിൽ ലഭ്യത, പരിസ്ഥിതി സംരക്ഷണനടപടികൾ,​ പുതിയ നിക്ഷേപ സാദ്ധ്യതകൾ എന്നിവയ്ക്ക് വഴിയൊരുക്കും. വൈദ്യുതിക്ക് പകരം ഹൈഡ്രജൻ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും ഹൈഡ്രജൻ ഉപയോഗത്തിന്റെ പുതിയ സാദ്ധ്യതകൾ തേടിയുള്ള ഗവേഷണങ്ങളുമാണ് കമ്പനിയുടെ ലക്ഷ്യം.

ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ച് കൂടുതൽ വാഹനങ്ങളും വ്യവസായങ്ങളും നടത്തി ഒരു പ്രദേശത്തെയോ ജില്ലയേയോ സംസ്ഥാനത്തേയോ ഹൈഡ്രജൻ ഉപയോഗിക്കുന്ന സ്ഥലമാക്കി മാറ്റുന്നതാണ് ഹൈഡ്രജൻ വാലി പദ്ധതി.