വിനോദ പാർക്ക് നിർമ്മിക്കാൻ കോർപ്പറേഷൻ സഹായം, കുട്ടികൾക്ക് ഇനി കളിച്ചുല്ലസിക്കാം
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ.ബോയ്സ് ഹോമിൽ കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ പാർക്ക് വരുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസം വീണ്ടെടുക്കാൻ പാർക്ക് നിർമ്മാണത്തിന് തുക അനുവദിക്കണമെന്ന ഹോം സൂപ്രണ്ടിന്റെ അപേക്ഷയിൽ കോർപ്പറേഷൻ കൗൺസിൽ അനുമതി നൽകിയതോടെയാണ് പാർക്ക് യാഥാർത്ഥ്യമാകുന്നത്. 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിക്കുന്നതിനും കൗൺസിലിൽ തീരുമാനമായി. കളി ഉപകരണങ്ങൾക്ക് പുറമെ കുട്ടികളുടെ ശാരീരിക ശേഷി വർദ്ധിപ്പിക്കാനുള്ള ഉപകരണങ്ങളും ഇവിടെ ഒരുങ്ങും. ഇവിടെയെത്തുന്ന കുട്ടികൾക്ക് ഒഴിവു സമയം ചെലവഴിക്കാൻ പാർക്ക് വേണമെന്നത് നീണ്ട കാലത്തെ ആവശ്യമായിരുന്നു. നേരത്തെ ഓൾഡേജ് ഹോമിന് വേണ്ടി പണിത കെട്ടിടമാണ് പിന്നീട് ചിൽഡ്രൻസ് ഹോമായി മാറിയത്. ഹോമിന്റെ മുന്നിൽ ഇന്റർലോക്ക് പതിച്ച സ്ഥലത്ത് പാർക്ക് നിർമ്മിക്കാനാണ് തീരുമാനം. നിലവിൽ ഹോമിൽ 30 ആൺകുട്ടികളാണ് ഉള്ളത്. പഠന പ്രവർത്തനങ്ങൾക്കു പുറമെ കൗൺസിലിംഗ്, യോഗ പരിശീലനം, ട്യൂഷൻ തുടങ്ങിയയും നൽകി വരുന്നു.
''പല പ്രശ്നങ്ങളുമായാണ് കുട്ടികൾ ഇവിടെയെത്തുന്നത്. ഇവർക്ക് ഒഴിവു വേളകൾ ആനന്ദകരമാക്കാൻ ഒരിടം കിട്ടിയാൽഅവരുടെ മാനസികവും ശാരീരികവുമായ ന്മേഷവും ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കും''- ഉസ്മാൻ, സൂപ്രണ്ട്, ഗവ.ബോയ്സ് ഹോം