വള്ളികുന്നത്ത് തെരുവുനായ ആക്രമണം: രണ്ടു പേരുടെ മുഖം കടിച്ചെടുത്തു

Saturday 01 February 2025 4:22 AM IST

ആലപ്പുഴ: വള്ളികുന്നത്ത് തെരുവ് നായയുടെ ആക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ രണ്ടുപേരുടെ മുഖം കടിച്ചെടുത്തു. വള്ളികുന്നം പള്ളിമുക്കിന് സമീപം പള്ളിയുടെ പടീറ്റതിൽ മറിയാമ്മ രാജൻ (57), പുത്തൻ ചന്ത പുതുപ്പുരയ്ക്കൽ തറയിൽ ഗംഗാധരൻ (55), സഹോദരനും അയൽവാസിയുമായ രാമചന്ദ്രൻ (66), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ എന്നിവർക്കാണ് കടിയേറ്റത്.

മറിയാമ്മ രാജന്റെ മൂക്കും കവിളും ചുണ്ടുകളുമുൾപ്പെടെ നായ കടിച്ചെ

ടുത്തു. ഇവരെ വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും തലയ്‌ക്കും വലതുകൈവിരലിലും കാലിനും കടിയേറ്റ ഗംഗാധരനെയും, കാലിൽ കടിയേറ്റ രാമചന്ദ്രനെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹരികുമാർ കായംകുളം ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ പടയണിവെട്ടം, പള്ളിമുക്ക് പ്രദേശങ്ങളിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു ആക്രമണം.

 ആദ്യം കടിയേറ്രത് ഗംഗാധരന്

പുതുപ്പുരയ്ക്കൽ ഭാഗത്ത് നായ്ക്കൾ കുരയ്ക്കുന്നത് കേട്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് പാഞ്ഞടുത്ത നായ ഗംഗാധരനെ കടിച്ചത്. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ നായ പള്ളിമുക്കിലേക്ക് പോയി. ഇതിനിടയിലാണ് ഹരികുമാറിനെ കടിച്ചത്. കൂടാതെ വളർത്തുനായ്ക്കളെയും മൃഗങ്ങളെയും തെരുവ്നായ്ക്കളെയും ഉൾപ്പെടെ കടിച്ചു.

വീടിന്റെ പരിസരത്ത് സംസാരിച്ചു നിൽക്കുമ്പോഴാണ് അയൽ വീടിന്റെ പറമ്പിൽ നിന്ന് പാഞ്ഞെത്തിയ നായ മറിയാമ്മയെ ആക്രമിച്ചത്. ഇതിനിടെ വടിയെടുക്കാനായി ശ്രമിച്ച മറിയാമ്മയുടെ ശരീരത്തേക്ക് നായ ചാടിവീണു. നിലത്തുവീണ മറിയാമ്മയെ നായ വട്ടം ചുറ്റി കടിക്കുകയായിരുന്നു. വടിയുമായി അയൽവാസി എത്തിയപ്പോഴാണ് നായ ഓടിയത്. കടിയേറ്റ നായ്ക്കളടക്കമുള്ള മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്‌പ് നൽകി.