ഡയപ്പറും സാനിറ്ററി നാപ്കിനുകളും കളയുന്നത് ഇനി തലവേദനയാകില്ല; വരാൻ പോകുന്നത് വമ്പൻ മാറ്റം

Saturday 01 February 2025 11:46 AM IST

പത്തനംതിട്ട: റോഡിലും തോട്ടുവക്കിലും ഇനി ഡയപ്പറും സാനിറ്ററി നാപ്കിനുകളും തള്ളേണ്ട. വീടുകളിലേത് ശേഖരിച്ച് സംസ്കരിക്കാൻ ഇലന്തൂരിൽ പ്ളാന്റ് വരുന്നു. ജില്ലയിൽ ആദ്യമായാണ് തദ്ദേശ സ്ഥാപനം ഡയപ്പർ, സാനിട്ടറി മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ശുചിത്വമിഷന്റെ സഹായത്തോടെ പ്ളാന്റ് സ്ഥാപിക്കുന്നത്.

ജില്ലാ പഞ്ചായത്ത്, ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത്, എഴ് ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ് പ്ളാന്റ് നിർമ്മാണത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രവർത്തന ചുമതല ബ്ലോക്ക് പഞ്ചായത്തിനായിരിക്കും. മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ്മസേന ഇപ്പോൾ വാങ്ങുന്ന രീതിയിലുള്ള യൂസർ ഫീ ഈടാക്കാൻ ആലോചിക്കുന്നുണ്ട്. ഡയപ്പർ, സാനിട്ടറി പാഡുകൾ വേർതിരിച്ച് വീടുകളിൽ സൂക്ഷിക്കണം.

ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിന് പിന്നിലെ ഒരേക്കറോളം സ്ഥലമാണ് പ്ളാന്റിനായി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ, സാമൂഹിക വനവൽക്കരണത്തിനായി വനം വകുപ്പിന് വിട്ടുനൽകിയതാണ് സ്ഥലം. പ്ളാന്റ് നിർമ്മിക്കാൻ ആവശ്യമായ ഭാഗത്തെ പതിനെട്ട് മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് മുഖേന വനംവകുപ്പിന് കത്തുനൽകും.

മാലിന്യം സംസ്കരിക്കുമ്പോഴുള്ള പുക മലിനീകരണം തടയുന്നതിന് പ്ളാന്റിൽ സംവിധാനമുണ്ടാകുമെന്ന് ബ്ളോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കറുത്ത പുക ശുദ്ധീകരിച്ച് വെളുത്തതാക്കി പൊക്കമുള്ള കുഴലുകളിലൂടെ പുറത്തേക്കുവിടും.പ്ളാന്റ് നിർമ്മാണത്തിന്റെ ചെലവ് ബ്ളോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ കൂടി വഹിക്കണം. പല പഞ്ചായത്തുകളും സാമ്പത്തിക ഞെരുക്കത്തിലാണ്.

നാട്ടുകാർക്ക് ആശങ്ക

ഡയപ്പർ, സാനിട്ടറി പ്ളാന്റ് നിർമ്മാണത്തിനെതിരെ പരിസരവാസികളായ നൂറ് പേർ ശുചിത്വമിഷന് പരാതി നൽകി. പ്ലാന്റ് സ്ഥാപിക്കുമ്പോൾ വായു മലിനീകരണമുണ്ടാകുമെന്നും മണ്ണും തോടുകളും മലിനമാകുമെന്നുമാണ് പരാതി.ജനവാസ മേഖലയിൽ നിന്ന് പ്ലാന്റ് മാറ്റണമെന്നാണ് ആവശ്യം. പല സ്ഥലങ്ങളിലും ഇൻസിനേറ്റർ സ്ഥാപിച്ചതിൽ നിന്ന് കറുത്ത പുകയും രൂക്ഷഗന്ധവും ഉയർന്നിട്ടുണ്ട്. ഇക്കാര്യം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

------------------

" പ്ലാന്റ് വായു മലിനീകരണം ഉണ്ടാക്കുമെന്ന പരാതിയിൽ അടിസ്ഥാനമില്ല. എല്ലാ വശവും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്.- ഇന്ദിരാദേവി, ഇലന്തൂർ ബ്ളാേക്ക് പഞ്ചായത്ത് പ്രസിഡന്റ്

-------------------- " ജനവാസ മേഖലയിൽ പ്ലാന്റ് നിർമ്മിക്കുന്നത് രോഗങ്ങൾ ക്ഷണിച്ചുവരുത്തും. തദ്ദേശ ഭരണ സമിതിയുടെ കാലാവധി ഇനി കഷ്ടിച്ച് ഒരു വർഷമില്ല. പ്ലാന്റ് നിർമ്മാണം അടുത്ത ഭരണസമിതിക്ക് വിടുന്നതാണ് നല്ലത്.- അജി അലക്സ്, ബ്‌ളോക്ക് പഞ്ചായത്ത് അംഗം

-------------

# ജില്ലയിൽ ആദ്യം

# നിർമ്മാണ ചെലവ് 1 കോടി

ചെലവ് വഹിക്കുന്നത്

ജില്ലാ പഞ്ചായത്ത്, ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത്, എഴ് ഗ്രാമപഞ്ചായത്തുകൾ