'ഉപ്പുമാവ് വേണ്ട, അംഗനവാടിയിൽ ബിരിയാണിയും പൊരിച്ച കോഴിയും തരണം', വീഡിയോ വൈറൽ

Saturday 01 February 2025 3:04 PM IST

കുട്ടികൾ പാട്ടുപാടുന്നതിന്റെയും ഡാൻസ് കളിക്കുന്നതിന്റെയും കുസൃതി കാണിക്കുന്നതിന്റെയുമൊക്കെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.

കുട്ടിയ്‌ക്ക് ഒരു സ്ത്രീ ഭക്ഷണം വാരിക്കൊടുക്കുകയാണ്. ഇതിനിടയിൽ തനിക്ക് ഉപ്പുമാവ് വേണ്ടെന്നും അംഗനവാടിയിൽ ബിരിയാണിയും പൊരിച്ച കോഴിയും തരണമെന്ന്‌ കുട്ടി പറയുന്നതാണ് വീഡിയോയിലുള്ളത്.

'ഉപ്പുമാവ് വേണ്ട. അംഗനവാടിയിൽ ബിരിയാണി തരണം. ഉപ്പുമാവ് മാറ്റിയിട്ട് ബിരിയാണിയും പൊരിച്ച കൊഴിയും വേണം.'എന്നാണ് കുട്ടി പറയുന്നത്. ഇതുകേട്ട് ഒരു സ്ത്രീ 'പറയാട്ടോ, നമുക്ക് പരാതി അറിയിക്കാം' എന്ന് പറയുന്നു. അപ്പോൾ കുട്ടി മുളൂന്നു. ഇതോടെ ആ സ്ത്രീ ചിരിച്ചുകൊണ്ട് കുട്ടിയ്ക്ക് ഭക്ഷണം വാരി കൊടുക്കുകയാണ് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ ലൈക്ക് ചെയ്‌തിട്ടുണ്ട്. വീഡിയോയ്‌ക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്.