മത്സ്യത്തൊഴിലാളികൾ മിനിസിവിൽ സ്റ്റേഷൻ ധർണ നടത്തി
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യവ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. സിപി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല പ്രസിഡന്റ് അസീസ് റാവുത്തർ അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം വി സഞ്ജു, യൂണിയൻ ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്ത്, ജില്ലാ ട്രഷറർ പി ടി നസീർ, ബെന്നി മാത്യു, നൗഷാദ് ബ്രോസ്, എം എം ഹുസൈൻ, റഹീം കോഴിശേരി എന്നിവർ സംസാരിച്ചു.
മത്സ്യ അനുബന്ധ തൊഴിലാളികളുടെ മക്കൾക്ക് ലംപ്സം ഗ്രാന്റിന് പകരമായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക, മൽസ്യ മാർക്കറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ക്ഷേമനിധി അംഗങ്ങൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നൽകുക, തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതികളിൽ മത്സ്യ അനുബന്ധ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുക, സമ്പാദ്യ സമാശ്വാസ പദ്ധതി മൽസ്യ വിപണന തൊഴിലാളികൾക്കും നടപ്പിലാക്കുക, മത്സ്യവിപണന തൊഴിലാളികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.