ആർ.ഡി.ഒ. ഉത്തരവിന് പുല്ലു വില: വാണിമേൽ പുഴ വീണ്ടും നികത്തി
നാദാപുരം: മയ്യഴിപുഴയുടെ ഭാഗമായ വാണിമേൽ പുഴ നികത്തിയ സംഭവത്തിൽ സ്ഥലം സന്ദർശിച്ച ആർ.ഡി.ഒ. സി. ബിജു പുഴയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് ഇന്നലെ ചിലർ നിർമ്മാണ പ്രവർത്തനവുമായി രംഗത്തെത്തി. പുഴയോരത്ത് കുട്ടിയിട്ട മണ്ണ് പുഴയിൽ ഇട്ട് വീണ്ടും പുഴ നികത്തുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ നാദാപുരം പൊലീസ് സ്ഥലത്തെത്തി നിർമ്മാണം തടഞ്ഞു. പുഴയിലെ നിർമ്മാണം നിർത്തിവെക്കാനും പുഴ മണ്ണിട്ട് നികത്താൻ ഉപയോഗിച്ച ജെ.സി.ബിയും ടിപ്പറുകളും അടക്കമുള്ള വാഹനങ്ങൾ പിടിച്ചെടുക്കാനും നികത്തിയ വർക്കെതിരെ ക്രിമിനൽ കേസ് എടുക്കാനും ആയിരുന്നു ആർ.ഡി.ഒ. ആവശ്യപ്പെട്ടിരുന്നത്. ആർ.ഡി.ഒയുടെ നിർദ്ദേശപ്രകാരം മേജർ ഇറിഗേഷൻ വകുപ്പ് നാദാപുരം പൊലീസിൽ പരാതി നൽകിയിരുന്നങ്കിലുംസംഭവത്തിൽ കേസ് എടുക്കാനോ പ്രതികളെ കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ദുരൂഹത നിലനില്കുന്നതായാണ് ആരോപണം ഉയരുന്നത്.