അബ്ദുൽ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ, കേസ് മറ്റൊരു ദിവസം പരിഗണിക്കാമെന്ന് റിയാദ് കോടതി

Sunday 02 February 2025 11:24 AM IST

റിയാദ് : സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തിൽ. പ്രാദേശിക സമയം എട്ട് മണിക്ക് റിയാദ് കോടതി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കേസ് ആദ്യം പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇത് ഏഴാമത്തെ തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് കോടതി അറിയിച്ചത്.

നേരത്തെ ആറ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാൽ മോചനക്കാര്യത്തിൽ തീരുമാനം നീളുകയായിരുന്നു. കഴിഞ്ഞ 15ന് കോടതി ഹർജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാൻ മാ​റ്റുകയായിരുന്നു. മരിക്കുന്നതിന് മുൻപ് മകനെ കാണണമെന്നതാണ് തന്റെ ഏക ആഗ്രഹമെന്ന് റഹീമിന്റെ മാതാവ് നേരത്തേ പറഞ്ഞിരുന്നു.

സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പ​റ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്.