കേന്ദ്ര ബഡ്ജറ്റ് ഗുണകരമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ

Tuesday 04 February 2025 12:32 AM IST

കൊച്ചി: ടൂറിസം, കൃഷി, ഫുഡ്‌പ്രോസസിംഗ്, ആരോഗ്യ പരിരക്ഷ, സൂക്ഷ്മ സംരംഭങ്ങൾ എന്നീ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകിയ കേന്ദ്ര ബഡ്ജറ്റ് സംസ്ഥാനത്തിന് ഗുണകരമാണെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് അഭിപ്രായപ്പെട്ടു. 50 പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വികസനം, ഇ-വിസ സൗകര്യങ്ങളിലെ വളർച്ച, ഹോം സ്റ്റേയ്ക്ക് മുദ്രലോൺ തുടങ്ങിയ പ്രഖ്യാപനങ്ങൾ ടൂറിസം മേഖലയ്ക്ക് കരുത്താകും. അഞ്ച് ലക്ഷം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകാനുള്ള നീക്കം കാർഷിക മേഖലയ്ക്കും ഗുണകരമാവും.
പുതിയ സംരംഭങ്ങളും നികുതി വ്യവസ്ഥയിലെ മാറ്റങ്ങളും കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന ശുഭപ്രതീക്ഷയാണ് സൗത്ത് ഇന്ത്യൻചേംബർ ഒഫ് കൊമേഴ്‌സിനുള്ളതെന്ന് മുൻനിര വ്യവസായികളായ ഡോ. വിജു ജേക്കബ് (സിന്തൈറ്റ്), പരമേശ്വരൻ(കൊട്ടാരം ഗ്രൂപ്പ്), ഡോ. ഹഫീസ് റഹ്മാൻ (സൺറൈസ് ഹോസ്പിറ്റൽസ്), റിയാസ് അഹമ്മദ് (അബാദ് ഹോട്ടൽസ്), ജോൺ സൈമൺ (ലാസ ഐസ്‌ക്രീംസ്) എന്നിവർ പറഞ്ഞു.