റെയിൽവേ ബഡ്ജറ്റിലും നിരാശ; വർദ്ധന 31 കോടി മാത്രം

Tuesday 04 February 2025 2:27 AM IST

തിരുവനന്തപുരം:പൊതുബഡ്ജറ്റിന് പുറമെ റെയിൽവേ ബഡ്ജറ്റിലും കേരളത്തിന് പ്രതീക്ഷയ്ക്ക് വകയില്ല. റെയിൽവേ വികസനത്തിന് പുതിയ പദ്ധതികളില്ല.നടപ്പ് പദ്ധതികൾ തുടരാനുള്ള തുകയായി 3,042കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ 3,011കോടിയാണ് അനുവദിച്ചിരുന്നത്. ഇക്കൊല്ലത്തെ വർധന വെറും 31കോടിരൂപ. കേന്ദ്രബഡ്ജറ്റിൽ 2.65ലക്ഷം കോടിരൂപയാണ് റെയിൽവേയ്ക്ക് അനുവദിച്ചത്.

അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിന് 6,626കോടിയും കർണാടകയ്ക്ക് 7,564കോടിയും അനുവദിച്ചിട്ടുണ്ട്.

കേരളത്തിന് അനുവദിച്ച തുക പര്യാപ്തമല്ല എന്നതാണ് വസ്തുത.

പല പദ്ധതികളും പൂർത്തിയാകുന്നില്ല. സ്ലീപ്പറുകൾ പോലുംഅതിവേഗത്തിൽ ബുക്ക് ചെയ്ത് തീരുന്നത് ആവശ്യമായ യാത്രാ സൗകര്യമില്ലെന്നതിന് തെളിവാണ്.തീരദേശ മേഖലയെ റെയിൽ വഴി പൂർണ്ണമായും ബന്ധിപ്പിക്കാൻ കഴിയാത്തതും പോരായ്മയാണ്.

കഴിഞ്ഞ ബഡ്ജറ്റിൽ ഷൊർണ്ണൂർ -എറണാകുളം പുതിയ പാതയ്ക്ക് സർവ്വേ നടത്താൻ 5 ലക്ഷമാണ് അനുവദിച്ചത്.

ശബരി റെയിൽപദ്ധതിക്ക് കഴിഞ്ഞ വർഷം 100 കോടിഅനുവദിച്ചെങ്കിലും ചെലവാക്കിയില്ല.

കേരളത്തിലെ വികസനം

ഇഴഞ്ഞിഴഞ്ഞ്

# എറണാകുളം-കായംകുളം പാതയുടെ ഇരട്ടിപ്പും തിരുവനന്തപുരം- കന്യാകുമാരി പാതയുടെ ഇരട്ടിപ്പും ശബരിപാതയുമാണ് കേരളത്തിൽ നടക്കുന്ന റെയിൽവേ നിർമ്മാണപ്രവർത്തനം.

# ഇതിൽ കായംകുളം പാതയിൽ കഴിഞ്ഞ വർഷം രണ്ട് റീച്ചുകളിലായി 207കോടിയാണ് വകയിരുത്തിയത്. ഇക്കുറിയും അതുപോലെ അനുവദിക്കുമെന്നാണ് അറിയുന്നത്. 2011ൽ തുടങ്ങിയ പദ്ധതി 2023ൽ പൂർത്തിയാകുമെന്നാണ് പറഞ്ഞിരുന്നത്.എങ്ങുമെത്തിയില്ല.

# ആകെ പണിനടക്കുന്നത് തിരുവനന്തപുരം- കന്യാകുമാരി പാതയുടെ ഇരട്ടിപ്പാണ്. കഴിഞ്ഞവർഷം ആദ്യം 808കോടി അനുവദിച്ചെങ്കിലും പിന്നീട് 365കോടിയായി വെട്ടിക്കുറച്ചു.അത് ഈ വർഷം അനുവദിക്കുമെന്നാണ് പ്രതീക്ഷ.

# കവച് സുരക്ഷയാണ് മികച്ച രീതിയിൽ മുന്നേറുന്ന പദ്ധതി.സെക്ഷനിലുടനീളം ടെലികോം ടവറുകൾ, ടാഗുകൾ, ട്രാക്കിൽ ഒപ്റ്റിക്കൽ ഫൈബർകേബിൾ, ലോക്കോമോട്ടീവുകളിലും സ്‌റ്റേഷനുകളിലും പ്രത്യേക ജി.പി.എസ് ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കുകയാണ്. 67.9കോടിചെലവ് വരുന്ന പദ്ധതി പൂർത്തിയാകുമ്പോൾ ട്രെയിനുകളുടെ വേഗം 20കിലോമീറ്ററെങ്കിലും വർദ്ധിപ്പിക്കാനാകും.

# റെയിൽവേ ബഡ്ജറ്റ് വിഹിതം

(തുക കോടിയിൽ)

2009-2014................................ 372

2014-19.....................................950

2019-24...................................1268

2024-25....................................3011

2025-26....................................3042