എം.വി ജയരാജൻ വീണ്ടും കണ്ണൂർ ജില്ലാ സെക്രട്ടറി
കണ്ണൂർ: സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി, എം.വി.നികേഷ് കുമാർ, വി.കുഞ്ഞികൃഷ്ണൻ അടക്കം 11 പുതിയ അംഗങ്ങളെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തു. മുൻ തളിപ്പറമ്പ് എം.എൽ.എ. ജെയിംസ് മാത്യുവിനെ ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ സമ്മേളനത്തിൽ ജെയിംസ് മാത്യു സംസ്ഥാന സമിതിയിൽ നിന്ന് സ്വയം ഒഴിവായിരുന്നു. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പി.ജയരാജൻ ഒഴിഞ്ഞപ്പോഴാണ് എം.വി.ജയരാജൻ ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി.എടക്കാട്നിന്ന് രണ്ടുതവണ എം.എൽ.എയായിരുന്ന ജയരാജൻ കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. പരിയാരം സഹകരണ മെഡിക്കൽ കോളേജ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. നിയമ ബിരുദധാരിയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ, ഇലക്ട്രിസിറ്റി ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പെരളശേരിയിലെ മാരിയമ്മാർവീട്ടിൽ പരേതനായ വി.കെ. കുമാരന്റെയും എം.വി.ദേവകിയുടെയും മകനാണ്. ഭാര്യ:കെ.ലീന (കേരള ബാങ്ക്). മക്കൾ: എം.വി.സഞ്ജയ്, എം.വി.അജയ്. മരുമക്കൾ: ഡോ.സ്നിഗ്ധ, ഡോ.ശിവ ബാലകൃഷ്ണൻ.