'ഗൺമാനെ തല്ലിച്ചതച്ചു, എന്റെ ജീവന് പോലും ഭീഷണിയാണവർ'; ഡിവൈഎഫ്‌ഐ  പ്രവർത്തകർക്കെതിരെ ഐസി ബാലകൃഷ്‌ണൻ എംഎൽഎ

Tuesday 04 February 2025 12:25 PM IST

വയനാട്: ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ ഓഫീസ് ജീവനക്കാരും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ കയ്യാങ്കളി. വയനാട് താളൂരിലാണ് സംഭവം. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. ഡിവൈഎഫ്‌ഐ പ്രവർത്തകർ എംഎൽഎയെ കരിങ്കൊടി കാണിച്ചു. പിന്നാലെയാണ് സംഘർഷമുണ്ടായത്. എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഐസി ബാലകൃഷ്‌ണൻ എംഎൽഎ പ്രതികരിച്ചു.

'വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും എനിക്കുനേരെ വന്നു. കരിങ്കൊടിയും അവരുടെ കൊടിയും കയ്യിലുണ്ടായിരുന്നു. ഇവർ എന്നെ തള്ളി വീഴ്‌ത്തി. എഴുന്നേൽക്കാൻ നോക്കിയപ്പോൾ സാബു കുഴിമാളം എന്ന ഡിവൈഎഫ്‌ഐ പ്രവർത്തകൻ എന്നെ കൊടികെട്ടിയ വടിയുമായി തല്ലാൻ വരുന്നു. രക്ഷപ്പെടുത്താൻ നോക്കിയ എന്റെ ഗൺമാനെ തല്ലിച്ചതച്ചു. എന്റെ ജീവന് പോലും അവർ ഭീഷണിയായിരിക്കുകയാണ് ', ഐസി ബാലകൃഷ്‌ണൻ പറഞ്ഞു.

സംഭവത്തിൽ പരിക്കേറ്റ ഗൺമാൻ സുദർശനെയും മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകരെയും ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.