തൃശൂരിൽ ആന ഇടഞ്ഞു; കുത്തേറ്റ ഒരാൾ മരിച്ചു, ചികിത്സയിലുള്ളത് ഒരാൾ

Tuesday 04 February 2025 4:11 PM IST

തൃശൂർ: ഉത്സവത്തിനെത്തിച്ച ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. തൃശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിന് കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്. ചിറയ്‌ക്കൽ ഗണേശൻ എന്ന ആനയാണ് ഇയാളെ ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഒന്നരക്കിലോമീറ്ററോളം ഓടി. അവിടെ നിന്നിരുന്ന ആനന്ദിനെയും കുത്തി. ഇവിടെ നിന്നും നാലര കിലോമീറ്ററോളം ആന പിന്നെയും ഓടി. പാപ്പാന്മാർ പുറകേ എത്തിയെങ്കിലും ആനയെ തളയ്‌ക്കാനായില്ല. ഏറെനേരം പണിപെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയിൽ കയറ്റിയത്. 14 കിലോമീറ്ററിലധികം ദൂരം ആന ഓടിയിട്ടുണ്ട്.

ആനന്ദിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.