ബോബി ചെമ്മണ്ണൂരിന് സഹായം ചെയ്‌ത സംഭവം,​ ഡിഐജിക്കും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനുമെതിരെ കേസ്

Tuesday 04 February 2025 8:33 PM IST

കൊച്ചി: ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ചെയ്‌ത സംഭവത്തിൽ പൊലീസ് കേസ്. സസ്‌പെൻഷനിലായ ജയിൽ ഡിഐജി അജയകുമാർ,​ കാക്കനാട് ജില്ല ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരടക്കം എട്ടുപേർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. ജയിലിൽ നിന്നുള്ള പരാതിയിലാണ് കേസ്.

നടി ഹണിറോസിന്റെ പരാതിയിൽ ബോബി കാക്കനാട് ജയിലിൽ കഴിയവെയാണ് വഴിവിട്ട സന്ദർശനത്തിന് ജയിൽ ഡിഐജി അജയകുമാർ അവസരം നൽകിയത്. രണ്ട് മണിക്കൂറോളം സമയം ബോബിയുമായി സന്ദർശനത്തിനെത്തിയവർ സൂപ്രണ്ടിന്റെ മുറിയിൽ സംസാരിച്ചു. ഈ സമയം അനധികൃതമായി ബോബിക്ക് പണം നൽകിയെന്നും സൂചനകളുണ്ട്. തടവിൽ കഴിയുന്ന പ്രതിക്ക് നേരിട്ട് പണം നൽകാൻ പാടില്ലെന്നാണ് ജയിൽ ചട്ടം.ഇത് പാലിക്കേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് ബോബി ചെമ്മണ്ണൂരിനെ സഹായിക്കാൻ നിയമം ലംഘിച്ചത്. ജയിൽ സൂപ്രണ്ടിനൊപ്പം ബോബിയെ കണ്ട ഡിഐജി അദ്ദേഹത്തിന് 200 രൂപയാണ് നൽകിയത്. ഡിഐജിക്കും ജയിൽ സൂപ്രണ്ടിനും പുറമേ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസിൽ പ്രതിയാണ്. ഇവർ പ്രതികളായതോടെ അറസ്‌റ്റ് അടക്കം നടപടികളിലേക്ക് നീങ്ങേണ്ടിവരും.