'സുന്ദരികളും മിടുക്കികളുമായ പെണ്‍കുട്ടികള്‍, പക്ഷേ അവരാരും ഇന്ന് ജീവനോടെ ഇല്ല'; 'നിങ്ങളിത് നിര്‍ബന്ധമായും പഠിച്ചിരിക്കണം'

Tuesday 04 February 2025 11:13 PM IST
PHOTO- facebook.com/beena.rc.1

കേരളത്തില്‍ അടുത്തിടെയായി വര്‍ദ്ധിച്ചുവരുന്ന ഒരു പ്രവണതയാണ് വിവാഹിതരായ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍. വിവാഹത്തിന് ശേഷം ഭര്‍ത്താവില്‍ നിന്നും അയാളുടെ കുടുംബത്തില്‍ നിന്നും നേരിടേണ്ടി വരുന്ന പീഡനങ്ങളാണ് ഒട്ടുമിക്ക സംഭവങ്ങളും ആത്മഹത്യയിലേക്ക് എത്തുന്നതിന് പിന്നില്‍. ഈ വിഷയത്തെക്കുറിച്ച് ബിജെപി വനിതാ നേതാവ് ബീന ആര്‍. സി നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.

വിദ്യാഭ്യാസം നേടി ജോലി നേടാതെ വിവാഹത്തിന് മുതിരരുതെന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ബീന പറയുന്നത്. വിവാഹം എന്നത് ഒരാള്‍ യജമാനനും മറ്റെയാള്‍ അടിമയുമായി ജീവിക്കാനുള്ളതല്ല, പരസ്പരം മനസ്സിലാക്കി ആഗ്രഹങ്ങള്‍ പങ്കിട്ട് ഒരു പോലെ സ്‌നേഹിച്ചും സഹകരിച്ചും ജീവിക്കാനുള്ളതാണ്.

നിറത്തിന്റെയോ സ്ത്രീധനത്തിന്റെയോ പേരില്‍ നിങ്ങളെ വിഷമിപ്പിക്കുന്ന രീതിയില്‍ വല്ലതും പറഞ്ഞാല്‍ പിന്നെ ഒരു നിമിഷം പോലും അവിടെ നില്‍ക്കരുത് 'എനിക്ക് നിങ്ങളെ വേണ്ട' എന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി വരാനുള്ള ചങ്കൂറ്റം നിങ്ങള്‍ കാണിക്കണമെന്നും പെണ്‍കുട്ടികളെ അഭിസംബോധനചെയ്തുള്ള കുറിപ്പില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്.

നിന്ദിക്കുന്ന തെമ്മാടികള്‍ക്ക് മറുപടി നല്‍ക്കേണ്ടത് ജോലി ചെയ്ത് ശമ്പളം വാങ്ങി അന്തസ്സായി ജീവിച്ച് കാണിച്ച് കൊടുത്തു കൊണ്ടാണ് അല്ലാതെ ആത്മഹത്യ ചെയ്ത് കൊണ്ടല്ല. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യ ചെയ്യുന്നതിലൂടെ നിങ്ങള്‍ സത്യത്തില്‍ പരാജിതരാവുകയാണ് ചെയ്യുന്നതെന്നും ബീന ആര്‍.സി പറയുന്നു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ

നോക്കൂ,

നല്ല സുന്ദരികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അല്ലേ താഴെ കാണുന്നത്,പക്ഷേ അവരാരും ഇപ്പോള്‍ ജീവനോടെ ഇല്ല.കാരണം,പെണ്‍കുട്ടികളോടാണ് പറയുന്നത് ദയവ് ചെയ്ത് കേള്‍ക്കുക.


വിദ്യാഭ്യാസം നേടി സ്വന്തം കാലുകളില്‍ നിവര്‍ന്ന് നില്‍ക്കാന്‍ പഠിച്ചിട്ടല്ലാതെ വിവാഹത്തിന് മുതിരരുത്. വിവാഹം എന്നത് ഒരാള്‍ യജമാനനും മറ്റെയാള്‍ അടിമയുമായി ജീവിക്കാനുള്ളതല്ല, പരസ്പരം മനസ്സിലാക്കി ആഗ്രഹങ്ങള്‍ പങ്കിട്ട് ഒരു പോലെ സ്‌നേഹിച്ചും സഹകരിച്ചും ജീവിക്കാനുള്ളതാണ്. നിങ്ങളെ കെട്ടിയവന്‍ നിങ്ങളില്‍ സംഭവിച്ച ന്യായമായ വല്ല തെറ്റോ പിഴവോ ചൂണ്ടിക്കാണിക്കുന്നുവെങ്കില്‍ അതൊരു സദുപദേശമായി കണ്ട് നല്ല മനസ്സോടെ തിരുത്തുക. അത് പോലെ നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന അവരുടെ പിഴവുകള്‍ അവരും തിരുത്തണം. എന്നാല്‍ നിറത്തിന്റെയോ സ്ത്രീധനത്തിന്റെയോ പേരില്‍ നിങ്ങളെ വിഷമിപ്പിക്കുന്ന രീതിയില്‍ വല്ലതും പറഞ്ഞാല്‍ പിന്നെ ഒരു നിമിഷം പോലും അവിടെ നില്‍ക്കരുത് 'എനിക്ക് നിങ്ങളെ വേണ്ട' എന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി വരാനുള്ള ചങ്കൂറ്റം നിങ്ങള്‍ കാണിക്കണം. എന്നിട്ട് നല്ല പങ്കാളിയെ വേറെ കണ്ടെത്തണം. അതേ സമയം സ്വന്തമായി ജോലി ചെയ്ത് പണം സമ്പാദിക്കാനും ശ്രമിക്കുക, നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്‌നേഹം തരുന്നതിന് പകരം നിന്ദിക്കുന്ന തെമ്മാടികള്‍ക്ക് മറുപടി നല്‍ക്കേണ്ടത് ജോലി ചെയ്ത് ശമ്പളം വാങ്ങി അന്തസ്സായി ജീവിച്ച് കാണിച്ച് കൊടുത്തു കൊണ്ടാണ് അല്ലാതെ ആത്മഹത്യ ചെയ്ത് കൊണ്ടല്ല. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യ ചെയ്യുന്നതിലൂടെ നിങ്ങള്‍ സത്യത്തില്‍ പരാജിതരാവുകയാണ് ചെയ്യുന്നത്. ഈ കാലഘട്ടം പണ്ടത്തെ പോലെയല്ല, നിങ്ങള്‍ക്ക് താല്പര്യമുള്ള മേഖലകളില്‍ ധാരാളം പഠിക്കാനും ജോലിയില്‍ കയറാനുമുള്ള അവസരങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നിലുണ്ട്.1549 മുതല്‍ 1620 വരെ ജീവിച്ചിരുന്ന നട്ടെല്ല് ആരുടെ മുന്നിലും പണയം വെക്കാത്ത ഉണ്ണിയാര്‍ച്ച എന്ന ധീരവനിതയുടെ ചരിത്രം ഓരോ പെണ്‍കുട്ടിയും നിര്‍ബന്ധമായും പഠിച്ചിരിക്കണം

ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം