ജില്ലയിൽ വിനോദ മാർഗമില്ലാതെ ഡി.ടി.പി.സി, മനംമടുത്ത് സഞ്ചാരികൾ
പത്തനംതിട്ട : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ജില്ലയിലെ വിനോദകേന്ദ്രങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നില്ല. കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പല പദ്ധതികളും ഏതാണ്ട് നിലച്ചമട്ടാണ്. ഡാം വന്നതോടെ പെരുന്തേനരുവിയിൽ വെള്ളമില്ലാതെയായി. അരുവിക്കുഴിയിലും സമാനമായ പ്രതിസന്ധിയാണ്. ഇവിടെയുള്ള കെട്ടിടം സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയിരിക്കുകയാണ്. മണ്ണടി സ്മാരകത്തിലെ പദ്ധതികളും പൂർണമല്ല. ഡി.ടി.പി.സിയുടെ കെട്ടിടങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും കൂടുതൽ പദ്ധതികൾ നടപ്പാക്കാതെ നശിക്കുകയാണ്. വനംവകുപ്പിന്റെ കോന്നി ഇക്കോ ടൂറിസവും ഗവിയുമാണ് വിനോദസഞ്ചാര മേഖലയിലെ ജില്ലയിലെ ആകർഷണം.
ഗവി പാക്കേജിൽ സഞ്ചാരികൾ കുറയുന്നു
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പാക്കേജ് തുടങ്ങിയതോടെ ഡി.ടി.പി.സിയുടെ ഗവി പാക്കേജിൽ സഞ്ചാരികൾ കുറയുകയാണ്. ബഡ്ജറ്റ് ടൂറിസത്തിൽ 1400 രൂപയുടെ പാക്കേജ് ഡി.ടി.പി.സിയിലെത്തുമ്പോൾ 1800 രൂപയായി മാറും. ട്രാവലർ വാനും ഇന്നോവയുമാണ് ഡി.ടി.പി.സി ഉപയോഗിക്കുന്നത്. ഇന്നോവയ്ക്ക് 2000 രൂപയോളം ആകുകയും ചെയ്യും. എല്ലാ മാസവും പത്ത് മുതൽ 15 ലക്ഷം വരെ വരുമാനം ലഭിച്ചിരുന്ന പാക്കേജ് ഇപ്പോൾ കെ.എസ്.ആർ.ടി.സി സ്വന്തമാക്കിയിരിക്കുകയാണ്.
ടൂറിസത്തിന് വിനയാകുന്നത്
പത്തനംതിട്ട ഡി.ടി.പി.സി സെക്രട്ടറിയായി എത്തുന്നവരിലേറെയും ഡെപ്യൂട്ടേഷനും ഇൻചാർജ് ചുമതലവഹിക്കുന്ന ഉദ്യോഗസ്ഥരുമാണ്. ഒന്നരമാസം മുമ്പ് ജില്ലയിലെ സെക്രട്ടറി വയനാടിലേക്ക് സ്ഥലംമാറി പോയതിനുശേഷം ഇപ്പോൾ ഇൻചാർജാണുള്ളത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണപോലും പല ഉദ്യോഗസ്ഥർക്കുമില്ല. കാര്യങ്ങൾ പഠിച്ച് വരുമ്പോഴേക്കും സ്ഥലമാറ്റ ഉത്തരവ് വന്നിരിക്കും.
ആവശ്യമായ ഫണ്ടുകൾ ലഭ്യമാകാത്തതും പദ്ധതി നടത്തിപ്പിന് കാലതാമസമുണ്ടാകുന്നതും
അശാസ്ത്രീയമായ നിർമ്മാണങ്ങളും വിനോദ മേഖലയ്ക്ക് വിനയാകുന്നു.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര പദ്ധതി പെരുന്തേനരുവിയാണ്. വെള്ളമില്ലാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. അരുവിക്കുഴിയിലും ഇതേ പ്രതിസന്ധി തുടരുകയാണ്. പുതിയ സെക്രട്ടറി ഉടൻ എത്തും.
ഡി.ടി.പി.സി അധികൃതർ