കെ.എസ്.ആർ.ടി.സി ഉറപ്പാക്കണം ആ'ശങ്ക" ഇല്ലാത്ത സുഖയാത്ര
തിരുവനന്തപുരം: ഏതുനിമിഷവും നിലം പതിക്കാവുന്ന കെട്ടിടങ്ങൾ. പ്രാഥമികകാര്യങ്ങൾക്ക് സ്ത്രീകളും കുട്ടികളുമടക്കം ഒഴിഞ്ഞ ഇടംതേടി നടക്കണം. സംസ്ഥാനത്തെ ഭൂരിപക്ഷം കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെയും സ്ഥിതിയാണിത്. ജില്ല ഡിപ്പോകളിൽ പോലും പ്രാഥമിക സൗകര്യങ്ങളില്ല. പൊളിഞ്ഞുവീഴാറായ മേൽക്കൂരയും വൃത്തിഹീനമായ ടോയ്ലെറ്റുകളും യാത്രക്കാരെ വലയ്ക്കുന്നു. മിക്ക ഡിപ്പോകളിലും കരാർ വ്യവസ്ഥയിലാണ് ടോയ്ലെറ്റുകൾ പ്രവർത്തിക്കുന്നത്. ഭൂരിഭാഗവും പേ ആൻഡ് യൂസ് ആണെങ്കിലും വൃത്തിയായി സൂക്ഷിക്കാറില്ല. തലസ്ഥാന ഡിപ്പോയിൽ മോഷ്ടാക്കളുടെ വിളയാട്ടമാണ്. സി.സി ടിവികളിൽ പലതും പ്രവർത്തിക്കുന്നില്ല. സാമൂഹ്യ വിരുദ്ധരുടെ ശല്യം വേറെയും.
സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന ഡിപ്പോയാണ് കൊല്ലത്തേത്. 70 വർഷത്തിലേറെ പഴക്കം. മേൽക്കൂരയുടെ ഭാഗങ്ങൾ അടർന്ന് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥ. വികസനത്തിനായി നേരത്തെ ബഡ്ജറ്രിൽ പണം അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി നിലച്ചു. ഓഫീസും ഡിപ്പോയും താലൂക്ക് ഓഫീസ് ജംഗ്ഷനിലേക്കു മാറ്റി, നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനാണ് പുതിയ പദ്ധതി. ഇതിനായി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നകാര്യത്തിൽ ഒരു തിട്ടവുമില്ല.
പരിതാപം പത്തനംതിട്ട
മഴപെയ്താൽ സെപ്ടിക് ടാങ്ക് നിറഞ്ഞൊഴുകും. അതാണ് ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയിലെ പത്തനംതിട്ട ഡിപ്പോയുടെ അവസ്ഥ. അശാസ്ത്രീയമായ കെട്ടിട നിർമ്മാണം. മഴയത്ത് ഡിപ്പോയിലെ വരാന്തയിൽ വെള്ളം കെട്ടും. ഗ്യാരേജ് ഉൾപ്പെടെ വെള്ളത്തിനടിയിലാകും. യാത്രക്കാർ തെന്നിവീഴുന്നത് നിത്യസംഭവം. പഴക്കംചെന്ന ഡിപ്പോ കെട്ടിടമാണ് ആലപ്പുഴയിൽ. സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം. സ്ഥലപരിമിതിയാണ് കോട്ടയം ഡിപ്പോ നേരിടുന്ന പ്രധാന പ്രശ്നം. ബസ് നിറുത്തിയിടാൻ ഇടമില്ല. ഇറക്കത്തിൽ പാർക്ക് ചെയ്യുന്നത് അപകടങ്ങളുമുണ്ടാക്കുന്നു. ആധുനിക ടോയ്ലെറ്റുകൾ പണിതെങ്കിലും ശരിയായ പരിപാലനമില്ല.
മെട്രോ നഗരമായ കൊച്ചിക്ക് അപമാനമാംവിധമാണ് എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുള്ളത്. പഴക്കമേറിയ കെട്ടിടം മഴയിൽ വെള്ളത്തിൽ മുങ്ങും. നിലവാരം കുറഞ്ഞ ടോയ്ലെറ്റ്. സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷം.
തൃശൂരിൽ പരിമിതിപൂരം
സ്ഥലക്കുറവും വൃത്തിയില്ലായ്മയുമാണ് തൃശൂർ ഡിപ്പോയുടെ മുഖ്യപോരായ്മ. കുണ്ടും കുഴിയും നിറഞ്ഞ ഡിപ്പോയ്ക്കുള്ളിലെ റോഡിലൂടെ നടുവൊടിഞ്ഞുവേണം യാത്ര. ടോയ്ലെറ്റ് പേരിനുമാത്രം. ഇടുക്കി ജില്ല ഡിപ്പോയായ തൊടുപുഴയിൽ പുതിയ കെട്ടിടമുണ്ടെങ്കിലും ശരിയായി പരിപാലിക്കുന്നില്ല. എട്ടു വർഷമായി ചെളിക്കുണ്ടിലൂടെ നടന്ന് ബസ് കയറേണ്ട അവസ്ഥയിലായിരുന്ന മലപ്പുറം ജില്ല ഡിപ്പോയിൽ ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാലക്കാട് ജില്ല ഡിപ്പോ പുതിയ കെട്ടിടത്തിലാണ്. എന്നാൽ മാസങ്ങളായി ടോയ്ലെറ്റ് അടഞ്ഞുകിടക്കുകയാണ്. സുൽത്താൻ ബത്തേരി, കല്പറ്റ ഡിപ്പോകൾ താരതമ്യേന ഭേദമാണ്. ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു ഡിപ്പോയായ മാനന്തവാടിയിൽ കുണ്ടും കുഴിയും കാരണം ജനത്തിന്റെ നടുവൊടിയുന്നു. കണ്ണൂർ ഡിപ്പോയിലെ ടോയ്ലെറ്റിന്റെ അവസ്ഥയും മോശമാണ്. പഴക്കംചെന്ന കെട്ടിടത്തിലാണ് കാസർകോട് ജില്ല ഡിപ്പോ പ്രവർത്തിക്കുന്നത്. അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെയെത്തുന്ന ഇവിടെ ബസ് നിറുത്താനും പാർക്ക് ചെയ്യാനും സ്ഥലമില്ല.
കോഴിക്കോട് ഗുരുതരം
കോഴിക്കോട് മാവൂർ റോഡിൽ കെ.ടി.ഡി.എഫ്.സി കോടികൾ മുടക്കി കെ.എസ്.ആർ.ടി.സിക്കായി പണിത ബഹുനിലകെട്ടിടത്തിന് പ്രകടമായ ബലക്ഷയമുണ്ടെന്ന് ചെന്നെെ ഐ.ഐ.ടി റിപ്പോർട്ട് നൽകിയിരുന്നു. തൂണുകൾ അടക്കം കെട്ടിടത്തിന്റെ പല ഭാഗത്തും ബലക്ഷയമുണ്ട്. റിപ്പോർട്ട് പുറത്തുവന്ന് മാസങ്ങളായിട്ടും അധികൃതർ അനങ്ങിയിട്ടില്ല. മഴയത്ത് കെട്ടിടം ചോർന്നൊലിക്കുന്ന സ്ഥിതിയാണ്.