സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

Thursday 06 February 2025 12:19 AM IST
സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളന നഗരിയിൽ പോളിറ്റ്ബ്യൂറോ അംഗം പി. കരുണാകരൻ പതാക ഉയർത്തുന്നു

കാഞ്ഞങ്ങാട്: 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടക്കുന്ന സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം. ഇന്നലെ രാവിലെ പ്രതിനിധി സമ്മേളന നഗരിയായ കോട്ടച്ചേരി എ.കെ നാരായണൻ, കെ. കുഞ്ഞിരാമൻ നഗറിൽ മുതിർന്ന നേതാവ് പി. കരുണാകരൻ പതാക ഉയർത്തി. ജില്ലയിലെ രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്ന് കൊണ്ടു വന്ന ദീപശിഖ സെക്രട്ടറി എം.വി ബാലകൃഷ്ണൻ തെളിയിച്ചു. സംഗീത ശില്പത്തോടെയായിരുന്നു സമ്മേളനത്തിന് തുടക്കം.

പ്രതിനിധി സമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജനാർദ്ദനൻ താത്കാലിക അദ്ധ്യക്ഷനായി. എം. സുമതി രക്തസാക്ഷി പ്രമേയവും എം. രാജഗോപാലൻ എം.എൽ.എ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വി.വി രമേശൻ സ്വാഗതം പറഞ്ഞു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, പി. ബിജു, ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ എന്നിവർ സംബന്ധിക്കുന്നുണ്ട്. 300ൽപരം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. അന്തർദേശീയ, ദേശീയ, സംസ്ഥാന, പ്രാദേശിക വിഷയങ്ങൾ തലനാരിഴ കീറി പരിശോധിക്കുന്ന സമ്മേളനത്തിൽ വിമർശനവും സ്വയം വിമർശനവുമുണ്ടാകും. വൈകീട്ട് ടൗൺ ഹാൾ പരിസരത്ത് നടന്ന സെമിനാറിൽ സുനിൽ പി. ഇളയിടം പ്രസംഗിച്ചു. സമ്മേളനം നാളെ പൊതുസമ്മേളനത്തോടെ സമാപിക്കും.