നിസാര കേസുകൾ മറച്ചുവച്ചതിന് പിരിച്ചുവിടാനാകില്ല

Thursday 06 February 2025 4:50 AM IST

കൊച്ചി: നിസാരമായ കേസുകൾ മറച്ചു വച്ചത് ജീവനക്കാരെ പിരിച്ചുവിടാൻ മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. ജനറൽ റിസർവ് കമാൻഡിംഗ് എൻജിനിയറിംഗ് ഫോഴ്സിലെ ജീവനക്കാരനെ പുറത്താക്കിയ നടപടി പുന :പരിശോധിക്കാനും ജസ്റ്റിസ് ഡി.കെ. സിംഗ് ഉത്തരവിട്ടു. എൻജിനിയറിംഗ് ഫോഴ്സിലെ മെക്കാനിക്കൽ ഡ്രൈവറായിരുന്ന ശക്തികുളങ്ങര സ്വദേശി എസ്. ഹരിലാലിന്റെ ഹർജിയിലാണിത്.

ജോലിയിൽ പ്രവേശിച്ചപ്പോൾ നിലവിലുണ്ടായിരുന്ന രണ്ട് ക്രിമിനൽ കേസുകൾ മറച്ചു

വച്ചെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാരനെ പിരിച്ചു വിടാൻ കമാൻഡിംഗ് ഓഫീസർ നടപടിയെടുത്തത്. എന്നാൽ തനിക്കെതിരായ ആക്രമണക്കേസ് ഹൈക്കോടതി റദ്ദാക്കിയതായും റോഡ് ഗതാഗതം തടസപ്പെടുത്തിയെന്ന കേസ് പിഴ അടച്ച് തീർപ്പാക്കിയതായും ഹരിലാൽ വാദിച്ചു. കോളേജ് വിദ്യാർത്ഥിയായിരുന്ന സമയത്ത് രജിസ്റ്റർ ചെയ്ത കേസുകളാണെന്നും ചൂണ്ടിക്കാട്ടി.

മൈനർ കേസുകൾ വെളിപ്പെടുത്തിയില്ലെന്നത് ജോലിയിൽ നിന്ന് പിരിച്ചു വിടാൻ മതിയായ കാരണമല്ലെന്ന് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളടക്കം പരിശോധിച്ച് കോടതി വിലയിരുത്തി. ഹർജിക്കാരനെതിരെ ചുമത്തിയിരുന്ന കേസുകൾ തീർപ്പായതുമാണ്. ഹർജിക്കാരനെക്കൂടി കേട്ട് ഒരു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കാനും കമാൻഡിംഗ് ഓഫീസ‌ർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.