ഭാര്യാ മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു #പൊള്ളലേറ്റ മരുമകനും മരിച്ചു

Thursday 06 February 2025 12:27 AM IST

പാലാ : ഭാര്യപിണങ്ങിപ്പോയതിന് ഭാര്യാ മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. പൊള്ളലേറ്റ മരുമകനും മരിച്ചു. പാലാ അന്ത്യാളം പരവൻപറമ്പിൽ സോമരാജിന്റെ ഭാര്യ നിർമ്മല (60), മരുമകൻ കരിങ്കുന്നം പൂക്കൊമ്പേൽപാറയിൽ മനോജ് (36) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8 ഓടെയായിരുന്നു സംഭവം. മനോജിന്റെ സംശയരോഗം കാരണം ഭാര്യ ആര്യ ഏറെനാളായി അകന്നു കഴിയുകയാണ്. എറണാകുളത്ത് ടെക്‌സ്റ്റൈൽസ് ജീവനക്കാരിയായിരുന്നു. ഏകമകൻ ഏഴ് വയസുകാരൻ ആദിയുമായാണ് മനോജ് അന്ത്യാളത്തെ ഭാര്യ വീട്ടിലെത്തിയത്. മകൻ മനോജിനൊപ്പമാണ് താമസം. ആദിയെ പുറത്ത് നിറുത്തിയശേഷം അകത്തുകടന്ന ഇയാൾ ടി.വി കാണുകയായിരുന്ന നിർമ്മലയുടെ തലയിലേക്ക് പെട്രോളൊഴിച്ച് ലാമ്പ് കൊണ്ട് തീകൊളുത്തുകയായിരുന്നു. പെട്രോൾ ദേഹത്തുവീണ മനോജിനും പൊള്ളലേറ്റു. സോമരാജന്റെ അമ്മ 90കാരി കമലാക്ഷി ബക്കറ്റിലിരുന്ന വെള്ളം നിർമ്മലയുടെ ദേഹത്തേക്കൊഴിച്ച് തീ കെടുത്തി. ബഹളം കേട്ട് പരിസരവാസികളെത്തി ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. ഇവരെത്തും മുൻപ് കരൂർ പഞ്ചായത്ത് മെമ്പർ ലിന്റണിന്റെ വാഹനത്തിൽ നിർമ്മലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മനോജിനെ പൊലീസാണ് ആശുപത്രിയിലേക്ക് മാറ്റിത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഇരുവരും മരിച്ചു. കരിങ്കുന്നം സ്​കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആദിയാണ് മനോജിന്റെ മകൻ. ആതിരയാണ് നിർമ്മലയുടെ മൂത്തമകൾ. ഇരുവരുടെയും സംസ്കാരം നടത്തി.

ഒരുമാസം മുൻപ് വെട്ടുകത്തിയുമായി എത്തി

ആര്യ തന്നോടൊപ്പം വരാത്തത് നിർമ്മലയുടെ പ്രേരണകൊണ്ടാണെന്ന് മനോജ് വിശ്വസിച്ചിരുന്നു. ആറ് വർഷം മുമ്പ് മേരിലാന്റിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനും മനോജ് തീവച്ചിരുന്നു. ഗുരുതര പൊള്ളലേറ്റ മനോജ് ദീർഘനാൾ ചികിത്സയിലായിരുന്നു. ഡ്രൈവർ ആയിരുന്നെങ്കിലും പലപ്പോഴും ജോലിക്ക് പോകാറുണ്ടായിരുന്നില്ല. ഒരുമാസം മുൻപ് നിർമ്മലയെ കൊലപ്പെടുത്താൻ വെട്ടുകത്തിയുമായി എത്തിയിരുന്നു. സഹികെട്ട് ജനുവരി 27 ന് വിവാഹമോചനത്തിനായി ആര്യ കോടതി മുഖാന്തരം നോട്ടീസ് അയച്ചു. ഇതാണ് മനോജിനെ കൂടുതൽ പ്രകോപിപ്പിച്ചത്.

''മദ്യലഹരിയിൽ എന്നെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് കരിങ്കുന്നം, പാലാ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ഒത്തുപോകാനാണ് എല്ലാവരും പറഞ്ഞത്.

-ആര്യ