പകർച്ചവ്യാധികളെ ചെറുക്കാൻ 2,424 കോടിയുടെ സമഗ്ര പദ്ധതി ലോകബാങ്കിൽ നിന്ന് വായ്പയെടുക്കും

Thursday 06 February 2025 12:39 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികളെ ഫലപ്രദമായി ചെറുക്കാൻ ലോകബാങ്കിൽ നിന്ന് 2,424.28 കോടി വായ്പയെടുത്ത് 'കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം' എന്ന പേരിൽ സമഗ്രപദ്ധതി ആവിഷ്കരിക്കാൻ മന്ത്രിസഭായോഗത്തിന്റെ അനുമതി. 2029വരെ നാലു വർഷക്കാലമാണ് പദ്ധതിയുടെ കാലാവധി.

ആർദ്രം,ആരോഗ്യ ജാഗ്രത,കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി തുടങ്ങിയവ പകർച്ചവ്യാധികളെ ഫലപ്രദമായി ചെറുക്കാൻ പര്യാപ്തമാകില്ലെന്ന തിരിച്ചറിവിലാണ് ദീർഘകാല ലക്ഷ്യം മുൻനിറുത്തി പുതിയ പദ്ധതി നടപ്പാക്കുന്നത്. ദേശീയതലത്തിൽ 2030നകം കൈവരിക്കേണ്ട ആരോഗ്യസുരക്ഷാ ലക്ഷ്യങ്ങൾ കേരളം ഇതിനകം കൈവരിച്ചു. ഇൗ സാഹചര്യത്തിൽ ദേശീയതലത്തിൽ ആവിഷ്കരിക്കുന്ന പദ്ധതികൾ കേരളത്തിന് അനുയോജ്യമല്ലാതാകും. ഇത് കണക്കിലെടുത്താണ് സമഗ്ര പദ്ധതി നടപ്പാക്കുന്നത്.

പ്രോഗ്രാം ഫോർ റിസൾട്ട് എന്ന പി ഫോർ ആർ സാമ്പത്തികസഹായ പദ്ധതി അനുസരിച്ചാണ് ലോകബാങ്ക് വായ്പ നൽകുന്നത്. ഇതുപ്രകാരം കെട്ടിടങ്ങൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനങ്ങൾക്ക് വായ്പാ തുക വിനിയോഗിക്കാനാവില്ല. ഉയർന്ന ജീവിതനിലവാരം, ആയുർദൈർഘ്യം എന്നിവ ഉറപ്പ് വരുത്തുക, രോഗങ്ങളെ ചെറുക്കുക, അകാലമരണം ഒഴിവാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി ലക്ഷ്യങ്ങൾ

ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെ 24 x 7എമർജൻസി ട്രോമ കെയർ സേവന സൗകര്യങ്ങളുടെ നെറ്റ് വർക്ക്

വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ സേവന പദ്ധതി

കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെ ജീവനക്കാർ. കൂടുതൽ മരുന്നുകളും പ്രതിരോധ കുത്തിവയ്പ്പുകളും

ഡിജിറ്റൽ ഹെൽത്ത് ആപ്ലിക്കേഷനുകൾ വ്യാപകമാക്കും. ആരോഗ്യ മേഖലയിൽ സർക്കാർ ധനസഹായം വർദ്ധിപ്പിക്കും

"ആരോഗ്യ രംഗത്ത് വലിയ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം ആവിഷ്‌കരിക്കുന്നത്

-മന്ത്രി വീണാ ജോർജ്