സ്വകാര്യ സർവകലാശാല ബിൽ ഇന്നലെ പരിഗണിച്ചില്ല

Thursday 06 February 2025 2:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാനുള്ള ബിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു യോഗത്തിൽ പങ്കെടുത്തില്ലെന്നത് ചൂണ്ടിക്കാട്ടി കൂടുതൽ ചർച്ചകൾക്കായി ബിൽ മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം, ഇന്നലെ മന്ത്രിസഭായോഗത്തിൽ സ്വകാര്യ സർവകലാശാല ബിൽ സംബന്ധിച്ച് സി.പി.ഐ മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് വിവരം. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മന്ത്രി പി.പ്രസാദാണ് വിഷയം ഉന്നയിച്ചത്. കൂടുതൽ പഠനം നടത്തേണ്ടതല്ലേ എന്ന് മന്ത്രി പ്രസാദ് ചോദിച്ചു.

ഡൽഹിയിലെ ഡോ. ബി.ആർ. അംബേദ്കർ സർവകലാശാല മുൻ വി.സി ശ്യാം ബി. മേനോന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിഷന്റെ ശുപാർശ പ്രകാരമാണ് സ്വകാര്യ സർവകലാശാല ബിൽ തയ്യാറാക്കിയത്. സംസ്ഥാനത്ത് ആരോഗ്യം, സാങ്കേതികം, നിയമം തുടങ്ങിയ മേഖലകളിൽ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാനുള്ള താത്പര്യവുമായി ഇരുപതിലേറെ സ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. മണിപ്പാൽ, സിംബയോസിസ്, അമിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾക്കും കേരളത്തിൽ സർവകലാശാല ആരംഭിക്കാൻ താത്പര്യമുണ്ടെന്നാണ് സൂചന.